'രശ്‌മിക മന്ദാനക്ക് സംരക്ഷണം നൽകണം'; അമിത് ഷായ്ക്ക് കത്തയച്ച് കൊടവ കൗൺസിൽ

നടിയെ മാത്രമല്ല മുഴുവൻ കൊടവ സമാജത്തെയുമാണ് എംഎൽഎ ലക്ഷ്യമിട്ടതെന്നും കൊടവ കൗൺസിൽ അധ്യക്ഷൻ എൻയു നാച്ചപ്പ

dot image

ബെംഗളൂരു: നടി രശ്‌മിക മന്ദാനക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച്‌ കൊടവ കൗൺസിൽ. രശ്മിക മന്ദാന കന്നഡ ഭാഷയെ അവഹേളിച്ചു എന്നാരോപിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ ഗനിഗ രം​ഗത്തെത്തിയ പശ്ചാത്തലത്തിലാണ് നീക്കം. കേന്ദ്ര മന്ത്രി അമിത് ഷായ്ക്കാണ് കൊടവ നാഷണൽ കൗൺസിൽ കത്തയച്ചത്.

കർണാടകയിലെ കുടകിൽ ജനിച്ച രശ്‌മിക ഹൈദരാബാദിലേക്ക് ചേക്കേറിയതോടെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം നിരസിച്ചെന്നായിരുന്നു രവി ഗനിഗയുടെ ആരോപണം. രശ്‌മിക പൂർണമായും ഹൈദരാബാദുക്കാരി ആയി മാറിയെന്നും കന്നഡ നാടിന്റെ പാരമ്പര്യത്തിൽ നടിക്ക്‌ അഭിമാനമില്ലാത്തത് ഖേദകരമാണെന്നും ചൂണ്ടിക്കാട്ടി കന്നഡ സംഘടസനകളും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ നടിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ സർക്കാർ മാനിക്കണമെന്നും നടിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് സമുദായ സംഘടനയുടെ ആവശ്യം.

നടിയെ മാത്രമല്ല മുഴുവൻ കൊടവ സമാജത്തെയുമാണ് എംഎൽഎ ലക്ഷ്യമിട്ടതെന്നും കൊടവകൗൺസിൽ അധ്യക്ഷൻ എൻയു നാച്ചപ്പ കത്തിൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28 ന് നടന്ന ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ കന്നഡ സിനിമാരംഗത്തെ പ്രമുഖ നടി-നടൻമാർ പങ്കെടുക്കാത്തതിനെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വിമർശിച്ചിരിന്നു. ഇതിനു പിന്നാലെയായിരുന്നു കോൺഗ്രസ് എംഎൽഎ രവി ഗനികയുടെ വിവാദ പരാമർശം.

'കഴിഞ്ഞവര്‍ഷം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മികയെ ക്ഷണിച്ചപ്പോൾ അവര്‍ അത് നിരസിച്ചു. എന്റെ വീട് ഹൈദരാബാദിലാണ്, കര്‍ണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാന്‍ വരില്ല'എന്നാണ് രശ്മിക പറഞ്ഞതെന്ന് രവികുമാര്‍ ഗൗഡ പറഞ്ഞു. തങ്ങളുടെ ഒരു എംഎല്‍എ പത്തോ പന്ത്രണ്ടോ തവണ അവരെ ക്ഷണിക്കുന്നതിനായി അവരുടെ വസതിയിൽ പോയിരുന്നു. എന്നിട്ടും അവർ ക്ഷണം നിരസിച്ചു. വളര്‍ന്നുവരുന്ന സിനിമാ ഇന്‍ഡസ്ട്രിയായിട്ട് കൂടി അവർ കന്നഡയെ അവഹേളിച്ചു. അവരെ നമ്മുക്കൊരു പാഠം പഠിപ്പിക്കണ്ടേയെന്ന്' കര്‍ണാടക നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രവികുമാർ ഗൗഡ പറഞ്ഞിരുന്നു.

Content Highlights: Kodava Council sent a letter to Amit Shah to protect Rashmika Mandana

dot image
To advertise here,contact us
dot image