രന്യ റാവു പ്രതിയായ സ്വർണ്ണക്കടത്ത് കേസ് സിഐഡി വിഭാഗം അന്വേഷിക്കും

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രോട്ടോക്കോൾ ലംഘനമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെൻ്റ് അന്വേഷിക്കുക

dot image

ബെം​ഗളൂരു : കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണ്ണക്കടത്ത് കേസ് കർണാടക സർക്കാരിന്റെ സിഐഡി വിഭാഗം അന്വേഷിക്കും. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രോട്ടോക്കോൾ ലംഘനമാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെൻ്റ് അന്വേഷിക്കുക. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കകം സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

കേസിൽ രന്യ റാവുവിന്റെ രണ്ടാനച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസും, പൊലീസ് കോൺസ്റ്റബിൾ ബസവരാജും ആരോപണ വിധേയരായ സാഹചര്യത്തിലാണ് കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയുടെ മകളെന്ന് അവകാശപ്പെട്ട്‌ ഗ്രീൻ ചാനൽ വഴി നിരവധി തവണ രന്യ വിദേശ യാത്ര നടത്തിയതായി കണ്ടെത്തിയിരുന്നു. രന്യയുടെ പെട്ടികൾ കൈകാര്യം ചെയ്യാൻ പൊലീസ് കോൺസ്റ്റബിൾ ബസവരാജ്‌ വിമാനത്താവളത്തിൽ സ്ഥിരമായി എത്തിയിരുന്നതായും റിപ്പോർട്ടുണ്ട് . ഇരുവരും അധികാര ദുർവിനിയോഗം നടത്തിയോ എന്നാണ് സിഐഡി സംഘം അന്വേഷിക്കുക.

നേരത്തെ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിറകെ കേസിൽ കർണാടകയിലെ ബിജെപി-കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സിദ്ധരാമയ്യ സർക്കാർ സിഐഡി അന്വേഷണം പ്രഖ്യാപിച്ചത്. രന്യക്ക്‌ പിന്നിൽ രാജ്യാന്തര ബന്ധമുളള സ്വർണ കടത്ത് സംഘം ഉണ്ടെന്നാണ് ഡിആർഐക്ക് ലഭിച്ച വിവരം.

അതേ സമയം സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിന്റെ കൂട്ടാളിയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ബെംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. രന്യക്കൊപ്പം തരുൺ രാജ് വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ) കസ്റ്റഡിയിലെടുത്തത്.

Also Read:

രന്യ റാവു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി മാത്രമെന്ന് റവന്യു ഇന്റലിജന്‍സിൻ്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി 30 തവണ രന്യ ദുബായ് യാത്ര നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓരോ യാത്രയ്ക്കും അഞ്ച് ലക്ഷം രൂപ മുതല്‍ സ്വര്‍ണത്തിന്റെ അളവനുസരിച്ച് കമ്മീഷന്‍ പറ്റിയായിരുന്നു രന്യ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാനച്ഛനും കര്‍ണാടക ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസിൻ്റെ പേര് പറഞ്ഞ് ഗ്രീന്‍ ചാനല്‍ വഴി ആയിരുന്നു ഇതുവരെ സുരക്ഷാ പരിശോധന ഇല്ലാതെ നടി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നിരുന്നത്.

ബസവരാജ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നടിയുടെ പെട്ടികള്‍ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ എത്തിയിരുന്നതായും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ഡിജിപി രാമചന്ദ്ര റാവുവിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. രാമചന്ദ്ര റാവുവിൻ്റെ ട്രാക് റെക്കോര്‍ഡ് ഡിആര്‍ഐ പരിശോധിക്കും. 14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.

content highlights : CID to investigate gold smuggling case involving Ranya Rao

dot image
To advertise here,contact us
dot image