
പാറ്റ്ന : ബിഹാറിൽ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ജ്വല്ലറിയിൽ നിന്ന് 25 കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ച ആറു പ്രതികളിൽ രണ്ട് പേർ അറസ്റ്റിൽ. വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപാലി ചൗക്കിലെ തനിഷ്ക് ജ്വല്ലറിയിൽ ഇന്നലെ രാവിലെയാണ് കവർച്ച നടന്നത്. രാവിലെ ജ്വല്ലറി തുറന്ന് അൽപസമയത്തിനകം തന്നെ ആറു പേർ സ്ഥാപനത്തിലേക്ക് എത്തുകയായിരുന്നു.സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് സംഘം ജ്വല്ലറിക്കകത്ത് കടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ആര-ബാബുര റോഡില്‍ മൂന്നു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന പ്രതികളായ ആറുപേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ കണ്ട് പ്രതികള്‍ ബൈക്കിന്റെ വേഗത കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരു ബൈക്ക് പൊലീസ് വെടിവെച്ചുവീഴ്ത്തി സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് ഭോജ്പൂർ പൊലീസ് സൂപ്രണ്ട് എല്ലാ സ്റ്റേഷന്‍ മേധാവികള്‍ക്കും വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
കവര്‍ച്ച നടത്തുന്നതിനിടയില്‍ ആയുധധാരികള്‍ കസ്റ്റമര്‍മാരോടും ജീവനക്കാരോടും കൈകള്‍ ഉയര്‍ത്താന്‍ ആജ്ഞാപിക്കുന്നതും മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പണവും മാലകളും വളകള്‍, നെക്ലേസുകള്‍ ഉൾപ്പെടെയുള്ള സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ 25 കോടിയോളം രൂപയുടെ വസ്തുക്കളും കൊള്ളയടിച്ചെന്ന് ജ്വല്ലറി ഷോറൂം മാനേജരായ കുമാര്‍ മൃത്യുഞ്ജയ് പറഞ്ഞു.
അതേസമയം, പൊലീസ് നടപടി വൈകിയതായി ഷോറൂം ജീവനക്കാർ ആരോപിച്ചു. ഞങ്ങൾ പൊലീസിനെ വിളിച്ചപ്പോൾ കുറ്റവാളികൾ ഷോറൂമിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. പൊലീസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ കൊള്ളക്കാരെ പിടികൂടാമായിരുന്നു. പക്ഷേ, അവർ യാത്രയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. അവർ എത്തുമ്പോഴേക്കും കുറ്റവാളികൾ രക്ഷപ്പെട്ടിരുന്നുവെന്നുമായിരുന്നു ഒരു ജീവനക്കാരൻ്റെ പ്രതികരണം.
Content Highlight : Jewellery Worth Crores Looted In Heist At Tanishq Showroom In Bihar