
വിജയവാഡ: ജനസംഖ്യാ നിയന്ത്രണത്തിൽ നിന്ന് ജനസംഖ്യാ മാനേജ്മെന്റിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അമരാവതിയിലെ എസ്ആർഎം സർവകലാശാലയിൽ ചൊവ്വാഴ്ച 'പോപ്പുലേഷൻ ഡൈനാമിക്സ് ആൻഡ് ഡെവലപ്മെന്റ്’ എന്ന വിഷയത്തിൽ നടന്ന വർക്ക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനനനിരക്ക് കുറയുന്നതും പ്രായമാകുന്നവരുടെ എണ്ണം കൂടുന്നതും ഭാവിയിൽ സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'ഉത്തരേന്ത്യ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്തിയിട്ടുണ്ട്. അതേസമയം ദക്ഷിണേന്ത്യ ഒറ്റ കുട്ടി നയ മനോഭാവം കൂടുതലായി സ്വീകരിക്കുകയാണ്. ഇത് ദീർഘകാല സാമ്പത്തിക, ജനസംഖ്യാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വർഷങ്ങളായി ഞാൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു. സ്ഥിരതയുള്ളതും സന്തുലിതവുമായ ഒരു ജനസംഖ്യ ഉറപ്പാക്കാൻ നമ്മൾ ഇപ്പോൾ പ്രവർത്തിക്കേണ്ടതുണ്ട്,' നായിഡു പറഞ്ഞു.
സാധാരണ പ്രസവങ്ങൾ വർദ്ധിക്കണമെന്നും സിസേറിയൻ കുറയണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യ വർദ്ധിപ്പിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാ കുറവുമൂലം സമ്പദ്‌വ്യവസ്ഥ തളർത്തിയ ചൈന, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെക്കുറിച്ചും ചന്ദ്രബാബു നായിഡു ഓർമപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിക്‌സിത് ഭാരത് 2047 സംരംഭവുമായി ചേർന്ന്, 2047 ഓടെ ആന്ധ്രാപ്രദേശിനെ 2.4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യവും മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏഴ് വർഷത്തിനുള്ളിലുള്ള എസ്ആർഎം സർവകലാശാലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ അഭിനന്ദിച്ച നായിഡു, ആന്ധ്രാപ്രദേശിന്റെ വികസനത്തിന് എസ്ആർഎം സർവകലാശാല മികച്ച തെളിവാണെന്നും കൂട്ടിച്ചേർത്തു.
Content Highlights: CM Chandrababu Naidu says Population growth vital for economic stability