
നടി സൗന്ദര്യയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി കഴിഞ്ഞ ദിവസങ്ങളിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ നടിയുടെ ഭർത്താവ് രഘു ജി എസ് രംഗത്തെത്തിയിരിക്കുകയാണ്. നടൻ മോഹൻ ബാബുവുമായി നീണ്ട കാലത്തെ സൗഹൃദമാണെന്നും തന്റെ അറിവിൽ ഇരുവരും തമ്മിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നില്ലെന്നും രഘു ജി എസ് പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാർത്താ കുറിപ്പിലൂടെയാണ് പ്രതികരണം.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് ശ്രീ മോഹൻ ബാബു സാറിനെയും ശ്രീമതി സൗന്ദര്യയെയും കുറിച്ച് തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ആയതിനാൽ ഈ തെറ്റായ വാർത്തകൾ ഞാൻ നിഷേധിക്കാൻ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ പരേതയായ ശ്രീമതി സൗന്ദര്യയിൽ നിന്ന് മോഹൻ ബാബു സാർ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാൻ സ്ഥിരീകരിക്കുന്നു.
എന്റെ അറിവിൽ അദ്ദേഹവുമായി ഞങ്ങൾക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 25 വർഷമായി എനിക്ക് മോഹൻ ബാബു സാറിനെ അറിയാം, അദ്ദേഹവുമായി ഞങ്ങൾ നല്ല സൗഹൃദം പങ്കിടുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്താൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു,' വാർത്താകുറിപ്പിൽ പറയുന്നു.
അതേസമയം,2004 ഏപ്രിൽ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സൗന്ദര്യ മരിച്ചത്. നടി സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ സൗന്ദര്യക്ക് പുറമെ മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം എന്നിവരും മരണമടഞ്ഞിരുന്നു.
Content Highlights:There is no property dispute between Soundarya and actor Mohan Babu, says actress's husband