സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ഐടി മന്ത്രിയുടെ പോസ്റ്റ്; പിന്നീട് ഡിലീറ്റ് ചെയ്തു

നിലവിൽ എക്സ് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്

dot image

ന്യൂഡൽഹി: സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനം നൽകുന്നതിനായി എയർടെല്ലും ജിയോയും സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അശ്വിനി വൈഷ്ണവിന്‍റെ എക്സ് പോസ്റ്റ്. “സ്റ്റാർലിങ്ക്, ഇന്ത്യയിലേക്ക് സ്വാഗതം!” എന്നായിരുന്നു അദ്ദേ​ഹത്തിന്റെ പോസ്റ്റ്. എന്നാൽ നിലവിൽ ഇത് നീക്കം ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം നൽകുന്നതിന് മുമ്പ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരത്തിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ മന്ത്രി പോസ്റ്റ് ചെയ്തതോടെ, റെഗുലേറ്റർ അംഗീകാരങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. ഉപഗ്രഹ അധിഷ്ഠിത കണക്റ്റിവിറ്റിക്ക് അംഗീകാരം നൽകുന്നതിൽ ഇന്ത്യ സാധാരണയായി ജാഗ്രത പുലർത്താറുണ്ടെന്നതും വസ്തുതയാണ്.

32 രാജ്യങ്ങളിലാണ് സ്റ്റാർലിങ്ക് ഇപ്പോൾ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകുന്നത്. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനായി കമ്പനി 2021-ൽ സബ്‌സ്‌ക്രിപ്ഷൻ വരെ സ്വീകരിച്ചിരുന്നു. എന്നാൽ ലൈസൻസ് നേടാതെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നതിനെതിരെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻ (ഡോട്ട്) മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഇത്രയും വൈകിയത്.

ഭൂഗർഭ ഫൈബർ കേബിളുകളെയോ സെല്ലുലാർ ടവറുകളെയോ ആശ്രയിക്കുന്ന പരമ്പരാഗത ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്റർനെറ്റ് ആക്‌സസ് നൽകുന്നതിന് സ്റ്റാർലിങ്ക് ലോ-എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിക്കുന്നു. 2018 ഫെബ്രുവരിയിലാണ് ആദ്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വിക്ഷേപിച്ചത്. ഇതുവരെ ഏഴായിരത്തോളം ഉപഗ്രഹങ്ങളിലുടെയാണ് ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് രാജ്യാന്തര ഇന്റർനെറ്റ് വിതരണം നടത്തുന്നത്. സാധാരണക്കാർക്ക് സ്വീകാര്യമായ വിലയിൽ സ്റ്റാർലിങ്കിന് സേവനം നൽകാൻ കഴിയുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Content Highlights: IT Minister welcomes Starlink to India and later deletes the tweet

dot image
To advertise here,contact us
dot image