ശശി തരൂര്‍ സിപിഐഎമ്മില്‍ ചേരുമോ?; ഡല്‍ഹിയില്‍ മറുപടി നല്‍കി പ്രകാശ് കാരാട്ട്

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ നേരത്തേ ശശി തരൂര്‍ എംപി പ്രശംസിച്ചിരുന്നു.

dot image

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ കോണ്‍ഗ്രസ് സംഘടന നേതൃത്വവുമായുള്ള മുന്നോട്ടുപോക്ക് ചര്‍ച്ചയാകവെ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി സിപിഐഎം പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്.

സിപിഐഎമ്മില്‍ ശശി തരൂര്‍ ചേരാനുള്ള സാധ്യത പ്രകാശ് കാരാട്ട് തള്ളി. ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന കാര്യത്തില്‍ ഒരു സൂചനയും ഇത് വരെ തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം.

ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന് താന്‍ കരുതുന്നില്ല. അങ്ങനെയെന്തെങ്കിലും സൂചന ഇത് വരെ അദ്ദേഹം നല്‍കിയിട്ടില്ല. അദ്ദേഹം പല കാര്യങ്ങളിലും സ്വന്തമായി അഭിപ്രായമുള്ളയാളാണ്. അദ്ദേഹം ഒരു പരമ്പരാഗത രാഷ്ട്രീയക്കാരനല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പശ്ചാത്തലം അറിയാം. പല സമയത്തും അദ്ദേഹം വസ്തുതകള്‍ പറയും. അത് പ്രത്യേകിച്ച് കോണ്‍ഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ നേരത്തേ ശശി തരൂര്‍ എംപി പ്രശംസിച്ചിരുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ ഉണ്ടായിരുന്നത്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകര്‍ക്ക് കൃത്യമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസിന്റെ കാര്യത്തില്‍ ചെകുത്താന്റെ കളിസ്ഥലമാണ് എന്ന് താന്‍ മുന്‍പ് പറയാറുണ്ടായിരുന്നു. അതില്‍ മാറ്റം വന്നെങ്കില്‍ അത് ആഘോഷിക്കേണ്ടതാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തിടുന്നു.

Content Highlights: Prakash Karat dismissed the possibility of Shashi Tharoor joining the cpim

dot image
To advertise here,contact us
dot image