
ഹൈദരാബാദ്: ഹൈദരാബാദിലെ ആസിഫ് നഗറില്‍ ലിഫ്റ്റില്‍ കുടുങ്ങി നാലരവയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗര്‍ കോളനിയിലെ മുജ്താബ അപാര്‍ട്‌മെന്റില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇതേകെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ മകനാണ് മരിച്ച സുരേന്ദര്‍. അപാർട്ട്മെൻ്റിൻ്റെ സമീപമുള്ള ഗാർഡ് റൂമിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു ശ്യാം ബഹാദൂർ.
നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം മുമ്പാണ് ഹൈദരാബാദിലേക്ക് എത്തിയത്. രാത്രി പത്ത് മണിയോടെയാണ് സംഭവം നടക്കുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലിനുള്ളില്‍ കുടുങ്ങിയെന്നാണ് സൂചന. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം.
അപകടം നടന്ന് പത്ത് മിനിറ്റിന് ശേഷമാണ് രക്ഷിതാക്കള്‍ സുരേന്ദറിന് അന്വേഷിക്കുന്നതും അവശനിലയില്‍ ലിഫ്റ്റില്‍ കണ്ടെത്തുന്നതും. ഉടന്‍ സുരേന്ദറിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഗ്രില്ലുകളുള്ള ലിഫ്റ്റിൽ കയറിയ കുട്ടി ഗ്രിൽ വലിച്ചടച്ചപ്പോൾ കുടുങ്ങി പോകുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കൾ അപാർട്ട്മെൻ്റ് പരിസരമാകെ തിരയുകയും ലിഫ്റ്റിൽ ചോരവാർന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു .
Content Highlights: Security guard's minor son stuck in a lift and died at Hyderabad