'ഭക്ഷണം നൽകിയില്ല, ക്രൂരമായി മർദ്ദിച്ചു'; നിർബന്ധിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് നടി രന്യ റാവു

ഡൽഹിയിൽ നിന്നുള്ള ഒരു യാത്രക്കാരനെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ തന്നെ കരുവാക്കുകയായിരുന്നു എന്നും രന്യ പറയുന്നു

dot image

ബെം​ഗളൂരു : ബെം​ഗളൂരു വിമാനത്താവളത്തിൽ വെച്ച് സ്വർണ ബിസ്‌ക്കറ്റുമായി താൻ പിടിയിലായിട്ടില്ലെന്ന് നടി രന്യ റാവു. ജയിലിൽ നിന്ന് റവന്യു ഇന്റലിജൻസ് മേധാവിക്ക് എഴുതിയ കത്തിലാണ് രന്യയുടെ വെളിപ്പെടുത്തൽ. ഡൽഹിയിൽ നിന്നുള്ള ഒരു യാത്രക്കാരനെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ തന്നെ കരുവാക്കുകയായിരുന്നു എന്നും രന്യ പറയുന്നു. വിമാനത്താവളത്തിൽ നിന്ന് ഒന്നും പറയാതെ ഉദ്യോഗസ്ഥർ തന്നെ പിടിച്ചു കൊണ്ടുപോയി എന്നും വളർത്തച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാല്പതോളം കടലാസുകളിൽ ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നും രന്യ കത്തിൽ വെളിപ്പെടുത്തുന്നു.

വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ) ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും രന്യ റാവു പറയുന്നു.കോടതിയില്‍ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചു എന്നും രന്യ പറയുന്നു. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ കഴിഞ്ഞ മാർച്ച് ആറാം തീയതി എഴുതിയ കത്താണ് അഭിഭാഷകൻ മുഖേന പ്രതി പുറത്തു വിട്ടത്. എന്നാൽ കത്തിൽ വിശദീകരിക്കുന്ന കാര്യങ്ങളൊന്നും നടി ജാമ്യാപേക്ഷയിൽ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നടിക്ക്‌ അന്താരാഷ്ട്ര സ്വർണ കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന ഡിആർഐ വാദം അംഗീകരിച്ച് സാമ്പത്തിക കുറ്റ കൃത്യങ്ങളുടെ കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു .

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു.

കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റവന്യൂ ഇന്റലിജന്‍സ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രന്യ ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ റെയ്ഡ് നടത്തിയിരുന്നു. രന്യയുടെ വസതി, വിവാഹം നടന്ന ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. വിവാഹത്തില്‍ പങ്കെടുത്തവരെയും നടിക്ക് വില കൂടിയ വസ്തുക്കള്‍ സമ്മാനമായി നല്‍കിയവരേയും തിരിച്ചറിയുന്നതിനായി സിബിഐ വിവാഹ ദൃശ്യങ്ങളും അതിഥികളുടെ ലിസ്റ്റും വിശദമായി പരിശോധിച്ചുവരികയാണ്.

Content highlights : 'Not fed, brutally beaten'; Actress Ranya Rao said that she confessed to the crime under coercion

dot image
To advertise here,contact us
dot image