
പാറ്റ്‌ന: യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് ബിഹാറില്‍ സജീവമാകാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന പദയാത്ര ഞായറാഴ്ച ആരംഭിച്ചു. പടിഞ്ഞാറന്‍ ചമ്പാരനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
തൊഴിലില്ലായ്മ, സംസ്ഥാനം വിട്ടുപോവേണ്ടി വരിക, തൊഴില്‍ പരീക്ഷകളുടെ ചോര്‍ച്ച എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെയാണ് പദയാത്ര. എന്‍എസ്‌യു ആള്‍ ഇന്‍ഡ്യ ചാര്‍ജ് കനയ്യകുമാറും യൂത്ത് കോണ്‍ഗ്രസിന്റെ ആള്‍ ഇന്‍ഡ്യ ചാര്‍ജും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവുമായ കൃഷ്ണ അല്ലാവരുമാണ് പദയാത്ര നയിക്കുന്നത്.
എന്‍എസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പദയാത്ര. മൂന്നാം ഘട്ടങ്ങളിലായാണ് യാത്ര നടക്കുന്നത്. ഒന്നാം ഘട്ട യാത്ര മാര്‍ച്ച് 24ന് സമാപിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഏതെങ്കിലും യാത്രയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കനയ്യകുമാറിനോട് ബിഹാറില്‍ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാനത്ത് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
യുവനേതാക്കളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാനത്ത് എന്‍എസ്‌യുവും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ഒരു പരിപാടി നടത്തുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച 19 സീറ്റുകളെയും പരാജയപ്പെട്ട 51 സീറ്റുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ജാഥാ റൂട്ട്.
Content Highlights: The Congress in Bihar on Sunday launched a state-wide 'pada-yatra'