
ബെംഗളൂരു: നടി രന്യ റാവുമായി 2024 നവംബര്‍ മാസത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് ജതിന്‍ ഹുക്കേരി. രന്യ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ആഡംബര ചടങ്ങിലായിരുന്നു രന്യ-ജതിന്‍ ഹുക്കേരി വിവാഹം.
നവംബര്‍ മാസത്തില്‍ വിവാഹിതരായി. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേര്‍പിരിഞ്ഞുവെന്ന് ജതിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രഭുലിംഗ് നവദാഹി കോടതിയില്‍ അറിയിച്ചു. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ ജതിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ എതിര്‍വാദം അടുത്ത തിങ്കളാഴ്ച ബോധിപ്പിക്കാമെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു.
ജതിനുമായുള്ള വിവാഹത്തിന് ശേഷം രന്യ കുടുംബത്തില്‍ നിന്ന് അകന്നെന്ന് അവരുടെ രണ്ടാനച്ഛനും മുതിര്‍ന്ന ഐപിഎസ് ഓഫീസറുമായ രാമചന്ദ്ര റാവു ആരോപിച്ചിരുന്നു. നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെക്കുറിച്ച് അനേഷണം നടക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ജതിന്‍ ഹുക്കേരിയെ കുറിച്ചും അന്വേഷണം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബെംഗളൂരു ആര്‍വി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ആൻഡ് ഇന്റീരീയര്‍ ഡിസൈനില്‍ ബിരുദം നേടിയ ജതിന്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ട്- എക്‌സിക്യൂട്ടീവ് എഡ്യുക്കേഷനില്‍ നിന്നും ഡിസ്‌റപ്റ്റീവ് മാര്‍ക്കറ്റ് ഇന്നോവേഷനില്‍ സ്‌പെഷ്യലൈസ് ചെയ്ത് തുടര്‍പഠനം പൂര്‍ത്തിയാക്കി. കരിയറിന്റെ ആദ്യഘട്ടത്തില്‍ തന്നെ ബെംഗളൂരുവിലെ റെസ്റ്റോറന്റ് വ്യവസായത്തില്‍ നൂതന ഡിസൈനുകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ജതിന്‍ തുടര്‍ന്ന് യുകെയിലേക്കും തന്റെ സ്വാധീനം വ്യാപിപ്പിച്ചു. ഡബ്ല്യുഡിഎ& ഡികോഡ് എല്‍എല്‍സി സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമായ ജതിന്‍ ക്രാഫ്റ്റ് കോഡിന്റെ സ്ഥാപകന്‍ കൂടിയാണ്.
Content Highlights: Jatin Hukkery said that Married Ranya Rao in November, separated month later