
ബെംഗളൂരു: ഭക്ഷ്യവിഷബാധയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ഗോകുല എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഹോസ്റ്റലിൽ താമസിക്കുന്ന മേഘാലയ സ്വദേശി കെർക്കാങ് (13) ആണ് മരിച്ചത്. ഹോളി പ്രമാണിച്ച് നടത്തിയ വിരുന്നിൽ ബാക്കിയായ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. മറ്റൊരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹോട്ടൽ ഉടമ സിദ്ധരാജു, ഗോകുല വിദ്യാസമസ്ത സെക്രട്ടറി ലങ്കേഷ്, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മലവള്ളിയിൽ ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഒരു ബിസിനസുകാരൻ ഭക്ഷണം ഒരുക്കിയിരുന്നുവെന്ന് പൊ ലീസ് പറഞ്ഞു. ബാക്കിവന്ന ഭക്ഷണം വൈകുന്നേരത്തോടെ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് നൽകി. മേഘാലയ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 24 വിദ്യാർത്ഥികളും പരിസര പ്രദേശത്ത് നിന്നുള്ള ആറ് വിദ്യാർത്ഥികളുമാണ് സ്ഥാപനത്തിലുള്ളത്. ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശനിയാഴ്ച രാവിലെ അസുഖം ബാധിച്ചു. പിന്നാലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇവർക്ക് ചികിത്സ നൽകി.
ഞായറാഴ്ചയോടെ നില വഷളായതിനെ തുടർന്ന് മലവള്ളി പട്ടണത്തിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(മിംസ്)ൽ പ്രവേശിപ്പിച്ചു. വ്യവസായി സംഘടിപ്പിച്ച ഹോളി ആഘോഷത്തിൽ പങ്കെടുത്ത 40-ലധികം പേർക്കും അസുഖം ബാധിച്ചിട്ടുണ്ട്.. ഇവരെ മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: One student dies and 29 fall sick after consuming food at hostel in Mandya district