കേന്ദ്ര ഫെല്ലോഷിപ്പ് വാങ്ങുന്നതിനാൽ രാഷ്ട്രീയ പങ്കാളിത്തം നടപടി വിളിച്ചുവരുത്തുമെന്ന് കോടതി;പോരാടാൻ രാംദാസ്

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ റാലിയില്‍ പങ്കെടുത്തതിന് 'ദേശവിരുദ്ധന്‍' എന്ന് വിളിച്ചായിരുന്നു സ്ഥാപനം ശിവാനന്ദനെ പുറത്താക്കിയത്

dot image

രാജ്യതലസ്ഥാനത്തെ വിദ്യാര്‍ത്ഥി പ്രതിഷേധ റാലിയില്‍ പങ്കെടുത്തതിന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദളിത് വിഭാഗത്തിൽ പെട്ട മലയാളി പിഎച്ച്ഡി വിദ്യാര്‍ത്ഥി രാമദാസ് പ്രീനി ശിവാനന്ദൻ്റെ വാര്‍ത്തകള്‍ ഓര്‍മ്മയിലുണ്ടാവും. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ റാലിയില്‍ പങ്കെടുത്തതിന് 'ദേശവിരുദ്ധന്‍' എന്ന് വിളിച്ചായിരുന്നു സ്ഥാപനം ശിവാനന്ദനെ പുറത്താക്കിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുംബൈ കാമ്പസില്‍ എംഫില്‍ പൂര്‍ത്തിയാക്കി പിഎച്ച്ഡിക്കും ചേര്‍ന്നായിരുന്നു ഉന്നതവിദ്യാഭ്യാസ സ്വപ്‌നത്തിലേക്കുള്ള ശിവാനന്ദന്റെ യാത്ര.

'സേവ് എഡ്യൂക്കേഷന്‍, റിജക്ട് എന്‍ഇപി, റിജക്ട് ബിജെപി' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു യുണൈറ്റഡ് സ്റ്റുഡന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച്. ഇതില്‍ പങ്കെടുത്തുവെന്ന് കാരണം കാണിച്ചാണ് ശിവാനന്ദനെ സ്ഥാപനം പുറത്താക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് നേടി പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ ശിവാനന്ദനെ സംബന്ധിച്ച് പിന്നീട് മുന്നിലുണ്ടായിരുന്നത് നിയമപോരാട്ടമായിരുന്നു. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ കഴിഞ്ഞ ദിവസം ശിവാനന്ദൻ്റെ വാദം പരിഗണിച്ച ബോംബെ ഹൈക്കോടതി ഹർജി തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള ഫെല്ലോഷിപ്പ് ലഭിക്കുന്നതിനാല്‍, ശിവാനന്ദൻ്റെ രാഷ്ട്രീയ പങ്കാളിത്തം നടപടി വിളിച്ചുവരുത്തുന്നതാണെന്ന നിരീക്ഷണമായിരുന്നു കോടതിയുടേത്. ശിവാനന്ദന് രാഷ്ട്രീയ വീക്ഷണം പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് എന്നാൽ സ്ഥാപനത്തിനും അവരുടേതായ നിലപാടെടുക്കാൻ അവകാശമുണ്ടെന്ന് 24 പേജുള്ള ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇനി സുപ്രീം കോടതിയെ സമീപിക്കാനാണ് ശിവാനന്ദന്‍റെ തീരുമാനം.

താന്‍ നടത്തുന്നത് ഒരു വ്യക്തിക്ക് വേണ്ടിയുള്ള പോരാട്ടമല്ലെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന് തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിരീക്ഷണമാണ് കോടതിയുടേതെന്നും ശിവാനന്ദന്‍ ദ വയറിനോട് പ്രതികരിച്ചു. ഫെല്ലോഷിപ്പ് ചാരിറ്റിയല്ലെന്നും മറിച്ച് മത്സര പരീക്ഷ പാസായ വിദ്യാര്‍ത്ഥിയുടെ അവകാശമാണെന്നുമുള്ള വിദ്യാഭ്യാസ മേഖലയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് കോടതിയുടെ രണ്ട് നിരീക്ഷണങ്ങളെന്നും ശിവാനന്ദൻ പറയുന്നു.

എന്നാല്‍ പാര്‍ലമെന്റ് മാര്‍ച്ച് എന്ന പേരില്‍ ശിവാനന്ദന്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ 'ഇന്ത്യയെ രക്ഷിക്കൂ, ബിജെപിയെ തള്ളിക്കളയൂ' എന്ന് എഴുതിയ ലഘുലേഖകള്‍ പുറത്തിറക്കിയതായാണ് ടിഐഎസ്എസ് അവകാശപ്പെടുന്നത്. സ്ഥാപനത്തിന്റെ പേര് പ്ലക്കാര്‍ഡില്‍ ഉപയോഗിച്ചതായും ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിച്ചു. എന്നാല്‍ ടിഐഎസ്എസിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ടിഐഎസ്എസിനെ പ്രതിനിധീകരിക്കുന്നുവെന്ന് താന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നുമാണ് ശിവാനന്ദന്റെ വാദം.

ശിവാനന്ദന് ടിഐഎസ്എസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മറ്റൊരു കാര്യം കൂടി പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ദേശീയ ആഘോഷമാക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ ആനന്ദ് പട്വര്‍ധന്റെ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ രാം കെ നാം എന്ന ഡോക്യുമെന്ററി പ്രതിഷേധ സൂചകമായി സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1992-ല്‍ ബാബറി മസ്ജിദ്‌പൊളച്ചതിനെ തുടർന്ന് അയോധ്യയില്‍ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ ചിത്രം. ആ സമയത്ത് ഒരു അപകടത്തില്‍പ്പെട്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശിവാനന്ദന് പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. തുടര്‍ന്ന് സിനിമ കാണണമെന്ന് അറിയിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ശിവാനന്ദൻ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് ശിവാനന്ദനെ 'ദേശവിരുദ്ധ'നെന്ന് വിളിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 50%ത്തില്‍ കൂടുതല്‍ ഫണ്ട് ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും തങ്ങളുടെ അധികാരപരിധിയിൽ കൊണ്ടുവരാൻ കഴിഞ്ഞ വര്‍ഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാപനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നതെന്ന് ശിവാനന്ദന്‍ പറയുന്നു.

Content Highlights: suspended tiss scholar wayanad native sivanandan will go to Supreme Court

dot image
To advertise here,contact us
dot image