തിരഞ്ഞെടുപ്പ് അടുക്കവേ ബിഹാര്‍ കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍; ആരാണ് രാജേഷ് കുമാര്‍?

ബിഹാറിലെ പിന്നാക്ക, ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണമെന്ന് എഐസിസി നേതൃത്വം തീരുമാനിച്ചിരുന്നു.

dot image

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രം അവശേഷിക്കവേ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. പാര്‍ട്ടിയുടെ ദളിത് മുഖവും എംഎല്‍എയുമായ രാജേഷ് കുമാറാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍. രാജ്യസഭാ എംപി കൂടിയായ അഖിലേഷ് പ്രസാദ് സിങ് ആയിരുന്നു ഇത് വരെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍.

സംസ്ഥാനത്തെ ദളിത് വിഭാഗത്തെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജേഷ് കുമാറിന് പുതിയ ദൗത്യം നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവാണ് രാജേഷ് കുമാര്‍.

ബിഹാറിലെ പിന്നാക്ക, ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണമെന്ന് എഐസിസി നേതൃത്വം തീരുമാനിച്ചിരുന്നു. ഇത് സംസ്ഥാനത്തേക്ക് നിയോഗിക്കുന്ന നേതാക്കളുടെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്.

'ബിഹാറിലെ പിന്നാക്ക, ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണമെന്നാണ് എഐസിസിക്ക്. അത് കൊണ്ടാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള കൃഷ്ണ അല്ലാവരുവിനെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഇന്‍ചാര്‍ജ് ആക്കിയിരുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് രാജേഷ് കുമാര്‍. രണ്ട് എഐസിസി സെക്രട്ടറിമാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമാണ്', ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ അഖിലേഷ് പ്രസാദ് സിങ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനോടും കോണ്‍ഗ്രസ് സംസ്ഥാനത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്ന കനയ്യകുമാറുമായും വലിയ രസത്തിലല്ലായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. കനയ്യകുമാര്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനോട് വലിയ താല്‍പര്യമില്ലാത്ത ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനോട് മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവുമായിരുന്നു അഖിലേഷ് പ്രസാദ് സിങ്. ഇതേ തുടര്‍ന്ന് കൂടിയാണ് അഖിലേഷ് പ്രസാദ് സിങിനെ മാറ്റിയത്.

വിവാദങ്ങളിലൊന്നും അകപ്പെടാത്ത നേതാവാണ് രാജേഷ് കുമാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 19.65 ശതമാനം വോട്ടുള്ള ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവും. ഇതാണ് രാജേഷ് കുമാറിനെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കാനുള്ള കാരണം. ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ള അഖിലേഷ് പ്രസാദ് സിങിനെ മാറ്റിയതിന്റെ രോഷം അതേ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള കനയ്യകുമാറിന് പ്രധാന സ്ഥാനം നല്‍കുന്നതോടെ ഇല്ലാതാകും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കൃഷ്ണ അല്ലാവരുവും കനയ്യകുമാറും നയിക്കുന്ന സംസ്ഥാന പദയാത്ര ആരംഭിച്ചിരുന്നു. പടിഞ്ഞാറന്‍ ചമ്പാരനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

തൊഴിലില്ലായ്മ, സംസ്ഥാനം വിട്ടുപോവേണ്ടി വരിക, തൊഴില്‍ പരീക്ഷകളുടെ ചോര്‍ച്ച എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെയാണ് പദയാത്ര.

എന്‍എസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പദയാത്ര. മൂന്ന ഘട്ടങ്ങളിലായാണ് യാത്ര നടക്കുന്നത്. ഒന്നാം ഘട്ട യാത്ര മാര്‍ച്ച് 24ന് സമാപിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഏതെങ്കിലും യാത്രയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കനയ്യകുമാറിനോട് ബിഹാറില്‍ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാനത്ത് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.

യുവനേതാക്കളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാനത്ത് എന്‍എസ്യുവും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ഒരു പരിപാടി നടത്തുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച 19 സീറ്റുകളെയും പരാജയപ്പെട്ട 51 സീറ്റുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ജാഥാ റൂട്ട്.

Content Highlights: Congress appointed a Dalit leader, Rajesh Kumar as president of Bihar unit

dot image
To advertise here,contact us
dot image