'ഇസ്രയേല്‍ ഉടന്‍ സൈനിക നീക്കം അവസാനിപ്പിക്കണം'; ഗാസയില്‍ സമാധാനം പുലരണമെന്ന് സിപിഐഎം പിബി

ഇസ്രയേല്‍ അതിക്രമത്തിനെതിരെ മോദി സര്‍ക്കാര്‍ ശക്തമായി രംഗത്തുവരണമെന്നും പിബി ആവശ്യപ്പെട്ടു

dot image

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ ശക്തമായ പ്രതിഷേധമറിയിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ഗാസയില്‍ സമാധാനം പുലരുന്നതിനായി തുടങ്ങിവെച്ച രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഇസ്രയേല്‍ പിന്നോട്ടുപോകുന്ന കാഴ്ചയാണ് കാണുന്നതെന്നും പി ബി പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് രണ്ട് മുതല്‍ ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും അടക്കമുള്ളവയുടെ വിതരണം നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അതിക്രമം. ഇസ്രയേലിന്റെ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്ന ട്രംപ് ഭരണകൂടം ഗാസയെ തകര്‍ത്ത് തരിപ്പണമാക്കി പട്ടിണിക്കിടാനാണ് ശ്രമിക്കുന്നതെന്നും പിബി പറഞ്ഞു. സൈനിക നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് ഇസ്രയേല്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ തുടരണമെന്നും സമാധാനം ആഗ്രഹിക്കുന്ന ലോകത്തെ മുഴുവന്‍ പേരും ആഗ്രഹിക്കുന്നത് ഇതാണെന്നും പിബി പറഞ്ഞു.

ഇസ്രയേല്‍ അതിക്രമത്തിനെതിരെ മോദി സര്‍ക്കാര്‍ ശക്തമായി രംഗത്തുവരണമെന്നും പിബി ആവശ്യപ്പെട്ടു. ഗാസയിലെ മുഴുവന്‍ മനുഷ്യരും കൂട്ടക്കരുതിക്ക് ഇരയാകുമ്പോള്‍ മോദി സര്‍ക്കാരിന് ഇനിയും നിശബ്ദമായി ഇരിക്കാന്‍ കഴിയില്ല. എല്ലാ പാര്‍ട്ടി യൂണിറ്റുകളും ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണം. വെടിനിര്‍ത്തലിലൂടെ ഗാസയില്‍ എത്രയും വേഗം സമാധാനം പുലരണമെന്നും പിബി കൂട്ടിച്ചേര്‍ത്തു.

Content Highlights- Cpim pb release statement against israel over genocide in gaza

dot image
To advertise here,contact us
dot image