
മദ്രാസ്: മോക്ഷം നേടാമെന്ന വ്യാജേന വിദേശ വനിതയെ പുണ്യസ്ഥലമായി കരുതപ്പെടുന്ന കുന്നിൻമുകളിലെത്തിച്ച് പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലാ ടൂറിസ്റ്റ് ഗൈഡ് ഫ്രഞ്ചുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ഫ്രാൻസിൽ നിന്നെത്തിയ 48കാരിയായ യുവതി തിരുവണ്ണാമലയിലെ ഒരു സ്വകാര്യ ആശ്രമത്തിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ദീപമല കുന്നിലേയ്ക്ക് ധ്യാനത്തിനായി പോയപ്പോഴാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത്. ഒരു കൂട്ടം ഗൈഡുകൾക്കൊപ്പമായിരുന്നു യുവതി 2,668 അടി ഉയരമുള്ള കുന്നിൽ കയറിയത്. ഇവിടെയെത്തി ധ്യാനിക്കാനായി ഒരു ഗുഹയിൽ കയറിയപ്പോൾ വെങ്കിടേശൻ എന്ന ടൂറിസ്റ്റ് ഗൈഡ് അവരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇതിന് പിന്നാലെ അവിടെ നിന്നും യുവതി കുന്നിറങ്ങി രക്ഷപെടുകയായിരുന്നു. പിന്നാലെ യുവതി തിരുവണ്ണാമല വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേശ്വരനെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തിരുവണ്ണാമല ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: French woman lured to Tamil Nadu hill with 'moksha' promise attacked