'സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും'; കുംഭമേളയുടെ ചിത്രങ്ങൾ അയച്ച് തരാൻ സുനിത ആവശ്യപ്പെട്ടെന്നും സഹോദര ഭാര്യ

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് രാവിലെയാണ് ഭൂമിയിൽ തിരിച്ചെത്തിയത്

dot image

ന്യൂഡൽഹി: ഒൻപത് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം സുനിത വില്യംസ് മടങ്ങിയെത്തിയതിൽ സന്തോഷം അറിയിച്ച് കുടുംബം. 'ആ നിമിഷം അവിശ്വസനീയമായിരുന്നു' എന്നാണ് സുനിത വില്യംസിൻ്റെ സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധികം വൈകാതെ സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കുമെന്നും ഫാൽ​ഗുനി പാണ്ഡ്യ പ്രതികരിച്ചു. 'കൃത്യമായി എന്നാണെന്ന് തീയതി പറയാൻ കഴിയില്ല. പക്ഷെ തീർച്ചയായും സുനിത ഇന്ത്യയിലെത്തും. ഈ വർഷം തന്നെ അതുണ്ടാകുമെന്നാണ് കരുതുന്നത്' എന്നായിരുന്നു ഫാൽ​ഗുനി പാണ്ഡ്യയുടെ പ്രതികരണം. 'ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്നേഹത്തെക്കുറിച്ച് സുനിതയ്ക്ക് അറിയാം. എനിക്കുറപ്പാണ് സുനിത ഇന്ത്യയിലേയ്ക്ക് വരുമെന്ന്. എപ്പോൾ എന്നത് മാത്രമാണ് വിഷയ'മെന്നും ഫാൽ​ഗുനി പാണ്ഡ്യ വ്യക്തമാക്കി. അവധിക്കാലം ഒരുമിച്ച് ആഘോഷിക്കുമെന്നും കുടുംബവുമൊത്തുള്ള സമയത്തിനായി കാത്തിരിക്കുകയാണെന്നും സുനിതയുടെ സഹോദര ഭാര്യ വ്യക്തമാക്കി.

'ഇനിയും സുനിത ബഹിരാകാശത്തേയ്ക്ക് പോകുമോ, ചൊവ്വയിൽ കാല് കുത്തുന്ന ആദ്യ വ്യക്തിയാകുമോ' എന്ന ചോദ്യങ്ങൾക്ക് സുനിതയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ഫാൽ​ഗുനി പാണ്ഡ്യയുടെ പ്രതികരണം. സുനിത തങ്ങൾക്കെല്ലാം മാതൃകയാണെന്നും സഹോദര ഭാര്യ വ്യക്തമാക്കി. ഉത്തർപ്രദേശിലെ മഹാകുംഭമേളയ്ക്ക് പോയ കാര്യം പറഞ്ഞപ്പോൾ സുനിത ആകാംക്ഷഭരിതയായെന്നും എല്ലാം പറയാൻ ആവശ്യപ്പെട്ടെന്നും ഫാൽ​ഗുനി ചൂണ്ടിക്കാണിച്ചു. കുംഭമേളയ്ക്ക് പോയതിൻ്റെ ചിത്രങ്ങൾ അയച്ച് തരാൻ സുനിത ആവശ്യപ്പെട്ടെന്നും സഹോദര ഭാര്യ വ്യക്തമാക്കി.

ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് രാവിലെയാണ് ഭൂമിയിൽ തിരിച്ചെത്തിയത്. പുലർച്ചെ 3.27നാണ് സ്പ്ലാഷ് ഡൗൺ വിജയകരമായി പൂ‍ർത്തിയായത്. മെക്സിക്കൻ ഉൾക്കടലിൽ പാരച്ച്യൂട്ടുകളുടെ സഹായത്തോടെ പേടകം പതിക്കുകയായിരുന്നു.

ജൂൺ അഞ്ചിനാണ് സ്റ്റാർലൈനറിൻ്റെ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകൾ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം. ഒടുവിൽ സ്പേസ് എക്സിൻ്റെ പേടകത്തിലാണ് സുനിതയും സംഘവും ഭൂമിയിലേയ്ക്ക് മടങ്ങിയത്.

Content Highlights: Sunita Williams' Family Confirms She Will Visit India Soon

dot image
To advertise here,contact us
dot image