
മംഗളൂരു: മാൽപെയിൽ മീൻ മോഷ്ടിച്ചു എന്നാരോപിച്ച് ദളിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് നാലംഗ സംഘം. പ്രദേശവാസിയായ ലക്ഷ്മി ഭായി എന്ന സ്ത്രീയാണ് ദളിത് സ്ത്രീ തന്റെ ചെമ്മീൻ മോഷ്ടിച്ചെന്ന് ആരോപിച്ചത്. തുടർന്ന് ബോട്ട് ജീവനക്കാർ ആരോപണവിധേയയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ആൾക്കൂട്ടത്തോടൊപ്പം ചേർന്ന് ആക്രമിക്കുകയായിരുന്നു. ദളിത് സ്ത്രീയെ ജാതി ചൊല്ലി അധിക്ഷേപിക്കുകയും ചെയ്തു.
മർദ്ദനത്തിന്റെ വീഡിയോ ബുധനാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ആൾക്കൂട്ട ആക്രമണം മനുഷ്യത്വരഹിതമാണെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ കെ വിദ്യാകുമാരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മിഭായി, സുന്ദർ, ശിൽപ, മർദ്ദനത്തിലേർപ്പെട്ട പ്രദേശവാസികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുറമുഖത്ത് മത്സ്യം ഇറക്കുന്നതിനിടെ ഒരു മത്സ്യത്തൊഴിലാളി മറ്റൊരു സ്ത്രീയെ മർദ്ദിക്കുകയും ബോട്ടുകളിൽ നിന്ന് മീൻ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ചെമ്മീൻ മോഷ്ടിച്ചതായി ആരോപിച്ച് ബോട്ട് ജീവനക്കാർ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് ചോദ്യം ചെയ്യുന്നതും ആരോപണ വിധേയയായ സ്ത്രീ അത് നിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ പിന്നീട് മാൽപെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആരോപണ വിധേയയായ സ്ത്രീ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്.
content highlights : udupicase-filed-as-video-of-woman-beaten-tied-to-tree-in-malpe-goes-viral