
അലഹബാദ്: പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്ര വാദവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്രയുടേതാണ് നിരീക്ഷണം.
പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കീഴ്കോടതി ചുമത്തിയ കുറ്റങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയില്‍ കസന്‍ഗഞ്ച് കോടതിയാണ് ഇരുവര്‍ക്കുമെതിരെ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയത്. 2021 ലാണ് കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന പ്രതികള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
പെണ്‍കുട്ടിയെ നീര്‍ച്ചാലിലൂടെ വലിച്ചിഴച്ചെന്നും പൈജാമയുടെ വള്ളി പൊട്ടിക്കാന്‍ ശ്രമിച്ചെന്നുമാണ് അകാശിനെതിരായ ആരോപണം. എന്നാല്‍ പ്രതി ഈ പ്രവര്‍ത്തിയിലൂടെ പെണ്‍കുട്ടിയെ നഗ്നയാക്കിയതായോ വസ്ത്രം അഴിച്ചതായോ സാക്ഷികള്‍ പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Content Highlights: Grabbing breasts breaking pyjama string is not enough for charge of attempt to rape says Allahabad High Court