
ഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളേയും ജീവനോടെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതി ധാര സിങ്ങിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് താൻ ചെയ്ത തെറ്റ് അംഗീകരിക്കുന്നുവെന്നും അതിൽ അതിയായ ദുഖമുണ്ടെന്നും ഹർജിയിൽ ധാര സിങ് പറയുന്നു.
ഏതെങ്കിലും ഇരയോട് വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നില്ലെന്നും ധാരാ സിങ് പറയുന്നുണ്ട്. താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം. അതിനായി മോചനം ആഗ്രഹിക്കുന്നു. തന്റെ സ്വഭാവം മാറ്റാൻ ഒരു അവസരം നൽകണമെന്നും തനിക്ക് സമൂഹത്തെ സേവിക്കണമെന്നും ധാരാ സിങ് ഹർജിയിൽ വ്യക്തമാക്കുന്നു. അറുപത്തിയൊന്നുകാരനായ ധാരാ സിങ് നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
ക്രിസ്ത്യൻ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും വാഹനത്തിലിട്ട് കത്തിച്ചുകൊന്ന കേസിൽ 2003ലാണ് സിബിഐ കോടതി സിങിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ 2005 ൽ ഒഡീഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. 2011 ൽ സുപ്രീംകോടതി ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ചു.സിങ്ങിന്റെ കൂട്ടാളിയായ മെഹേന്ദ്ര ഹെംബ്രാമും കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. തെളിവുകളുടെ അഭാവത്തിൽ മറ്റ് 11 പ്രതികളെ ഹൈക്കോടതി വെറുതെവിടുകയായിരുന്നു.
മയൂർഭഞ്ച് ഇവാഞ്ചലിക്കൽ മിഷനറി സംഘടനയിൽ പ്രവർത്തിച്ച് കുഷ്ഠരോഗികളെ പരിചരിച്ചുവരികയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. എല്ലാ വർഷവും അവർ ആദിവാസി ഗ്രാമമായ മനോഹർപൂർ സന്ദർശിക്കുകയും വനത്തിൽ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 20ന് ഗ്രഹാം സ്റ്റെയിൻസ് ഗ്രാമത്തിലെത്തി രണ്ടു ദിവസത്തേക്ക് പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 22ന് രാത്രി സ്റ്റെയിൻസും മക്കളും ഒരു പള്ളിക്ക് പുറത്ത് സ്വന്തം വാഹനത്തിൽ ഉറങ്ങിക്കിടക്കവെ ഹിന്ദുത്വ ആൾക്കൂട്ടം വടികളുമായെത്തി ചില്ലുകൾ തകർത്തു. ഇതിന് പിന്നാലെ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ഇവർ തീവെച്ച് കൊല്ലുകയായിരുന്നു.
content highlights : Staines murder case: SC asks Odisha government to consider remission plea of convict Dara Singh