ടൊയോട്ട ഓട്ടോ മൊബൈൽ ഫാക്ടറിയുടെ ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം; രണ്ടുപേർ അറസ്റ്റിൽ

കര്‍ണാടകയിലെ ജനങ്ങളെ അവഹേളിക്കുന്നതരം പരാമര്‍ശങ്ങളും ചുവരെഴുത്തില്‍ ഉണ്ടായിരുന്നു

dot image

ബെംഗളൂരു: ടൊയോട്ട ഓട്ടോ മൊബൈൽ ഫാക്ടറിയുടെ ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ടുപേർ അറസ്റ്റിൽ. രാമനഗറിലെ ബിഡദിയിലാണ് സംഭവം. കരാർ ജോലിക്കാരായ അഹമ്മദ് ഹുസൈൻ(24), സാദിഖ് (20) എന്നിവരാണ് അറസ്റ്റിലായത്. കമ്പനിയുടെ പരാതിയിൽ കര്‍ണാടക പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ ജനങ്ങളെ അവഹേളിക്കുന്നതരം പരാമര്‍ശങ്ങളും ചുവരെഴുത്തില്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 16-നായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഇതോടെ ഇതെഴുതിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജീവനക്കാരും കന്നഡ പ്രവർത്തകരും ഫാക്ടറിക്ക് മുന്നിൽ തടിച്ചുകൂടി. കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവം മറച്ചുവെച്ചതായും അവർ ആരോപിച്ചു. കുറ്റവാളികളെ പിരിച്ചുവിടണമെന്നും നാടുകടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി ഉറപ്പ് നൽകി. കമ്പനിയുടെ എച്ച്ആർ വകുപ്പിന്റെ പരാതിയെത്തുടർന്ന്, ബിഡദി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ സെക്ഷൻ 67, ബിഎൻഎസ് ആക്ടിലെ 193, 356 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Content Highlights: Two arrested for writing pro-Pak graffiti on Toyota factory walls

dot image
To advertise here,contact us
dot image