
ന്യൂഡല്‍ഹി: രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവായത് 258 കോടി രൂപ. 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ സന്ദർശനത്തിനായാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. 2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവായത്. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയുടെ വിവരങ്ങൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് രാജ്യസഭയിൽ ആരാഞ്ഞത്. ഹോട്ടൽ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങൾ, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടെ ഓരോ സന്ദർശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങൾ നൽകണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടു.
2023 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് 22,89,68,509 ചെലവായി. 2024 സെപ്റ്റംബറിലെ യുഎസ് സന്ദർശനത്തിന് ചെലവായത് 15,33,76,348 രൂപയാണെന്നും പബിത്ര മാർഗരിറ്റ നൽകിയ മറുപടിയിൽ പറയുന്നു. 2022 മെയ് മാസത്തിലെ ജർമനി സന്ദർശനം, 2024 ഡിസംബറിലെ കുവൈറ്റ് സന്ദർശനം എന്നിവയുൾപ്പെടെയുളള 38 സന്ദർശനങ്ങൾ അടിസ്ഥാനമാക്കിയാണ് ഡാറ്റ പട്ടികപ്പെടുത്തിയിരിക്കുന്നത്.
ഡാറ്റ പ്രകാരം, 2023 മെയ് മാസത്തിൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിന് 17,19,33,356 രൂപയും, 2022 മെയ് മാസത്തിൽ നേപ്പാൾ സന്ദർശനത്തിന് 80,01,483 രൂപയും ചെലവായി. 2022-ൽ ഡെന്മാർക്ക്, ഫ്രാൻസ്, യുഎഇ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. 2023-ൽ ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങൾ നരേന്ദ്ര മോദി സന്ദർശിച്ചു.
2024-ൽ പോളണ്ട് സന്ദർശനത്തിന് 10,10,18,686 രൂപ. യുക്രയ്ൻ സന്ദർശനത്തിന് 2,52,01,169 രൂപ. ഇറ്റലി സന്ദർശനത്തിന് 14,36,55,289 രൂപ. ബ്രസീൽ സന്ദർശനത്തിന് 5,51,86,592 രൂപ. ഗയാന സന്ദർശനത്തിന് 5,45,91,495 രൂപ എന്നിങ്ങനെയാണ് കണക്കുകൾ.
Content Highlights: PM Modi’s June 2023 US visit incurred over ₹22 crore