വസതിയില്‍ കണക്കിൽപ്പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി

dot image

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതി വിളിച്ചു ചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗത്തിന് പിന്നാലെയാണ് തീരുമാനം. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.

ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും.

അതിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധവുമായി അലഹബാദ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്തെത്തി. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ സ്ഥലംമാറ്റം അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷക അസോസിയേഷന്‍ പറഞ്ഞു. ജഡ്ജിയുടെ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Content Highlights- Sc anoounce investigation against justice yashwanth varma

dot image
To advertise here,contact us
dot image