
കോയമ്പത്തൂർ: കാളിയപുരം നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജ് ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥിക്ക് ജൂനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ബിരുദാനന്തര ബിരുദ ക്രിമിനോളജി വിദ്യാർത്ഥി ഹാഥിയെയാണ് ഒന്നാം വർഷ ബിഇ, ബിടെക് വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. 13 പേരെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സീനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച് മുട്ടിൽ നിർത്തി കൈ പൊക്കി മാപ്പ് പറയിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ ആക്രമണം റാഗിംഗിന്റെ ഭാഗമായുണ്ടായതല്ല എന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. പരിക്കേറ്റ വിദ്യാർത്ഥി അടക്കമുള്ളവർ തിങ്കളാഴ്ച കോളേജ് മാനേജ്മെന്റിന് മുൻപാകെ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മർദ്ദന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോസ്റ്റൽ മുറിയിൽ ഹാഥിയെ തടഞ്ഞുവച്ച ശേഷം ജൂനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. അദ അലിഫ് ജെ, ഹേമന്ത് ജെ, ഈശ്വർ , ശബരിനാഥൻ , ശക്തി മുകേഷ് ടി, സാം ഡി, തിരുസെൽവം ആർ, ഭരത്കുമാർ , അഭിഷേക് , ദിലീപൻ ജെ, രാഹുൽ വി, ലോഹേശ്വരൻ ഡി, നീലകണ്ഠൻ ആർ, തുടങ്ങി 13 വിദ്യാർത്ഥികളെയാണ് കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തത്. കോളേജിലും ഹോസ്റ്റൽ പരിസരത്തും ഇവർക്ക് പ്രവേശന വിലക്കുമുണ്ട്. സംഭവത്തിൽ മധുക്കരൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
content highlights : 13 students suspended after brutal assault at Coimbatore college