
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അവസാനിപ്പിച്ചതിന് പിന്നാലെ മുംബൈ പൊലീസിനെ വിമർശിച്ച് മുന്‍ ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ രംഗത്ത്. മുംബൈ പൊലീസിൻ്റെ നടപടികൾ ജനങ്ങളുടെ മനസ്സില്‍ സംശയം ഉയർത്തുന്നതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സുശാന്തിൻ്റെ മരണത്തെക്കുറിച്ചുള്ള ആദ്യഘട്ട അന്വേഷണത്തിൽ ബിഹാര്‍ പൊലീസ് ഒരു അന്വേഷണ സംഘത്തെ അയച്ചെങ്കിലും മുംബൈ പൊലീസ് ആ സംഘവുമായി സഹകരിച്ചില്ലെന്നും ഗുപ്‌തേശ്വര്‍ പറഞ്ഞു. അന്വേഷണത്തിന്‍റെ ഏകോപനത്തിനായി അയച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ക്വാറന്റൈനില്‍ വെച്ചുവെന്നും എൻ്റെ സംഘത്തെ അഞ്ച് ദിവസത്തിന് ശേഷം മുംബൈയില്‍ നിന്ന് തിരികെ വിളിക്കേണ്ടി വന്നുവെന്നും പാണ്ഡെ പറഞ്ഞു.ബിഹാര്‍ പൊലീസിന് കേസ് അന്വേഷിക്കാന്‍ പോലും സാധ്യമായില്ലെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ദുരൂഹതയുള്ളതിനാല്‍ കൃത്യമായ അന്വേഷണം വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. സിബിഐ ഒരു പ്രൊഫഷണല്‍ ഏജന്‍സിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിബിഐക്ക് എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ടാവില്ലെന്നും ചില തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും പാണ്ഡെ പറഞ്ഞു.
2020 ജൂണ്‍ 14-നാണ് ബാന്ദ്രയിലെ സ്വന്തം വസതിയില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കേസ് ആദ്യം മുംബൈ പൊലീസാണ് അന്വേഷിച്ചത്. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. ശ്വാസം മുട്ടിയാണ് മരണപ്പെട്ടത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കൊലപാതകമാണെന്ന സംശയം വ്യാപകമായിരുന്നു.
Content Highlight : "Mumbai Police's Conduct Raised Suspicions," Says Former Bihar DGP On Sushant Singh Rajput's Death