
ലഖ്‌നൗ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. ദിലീപ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പ്രഗതി യാദവ്, കാമുകൻ അനുരാഗ് യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദിലീപിന്റെ സഹോദരൻ സഹർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. ദിലീപിനെ കൊലപ്പെടുത്താൻ പ്രഗതിയും അനുരാഗും രാമാജി ചൗധരി എന്ന വാടക കൊലയാളിയെ ഏർപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഇയാൾക്ക് പ്രതികൾ രണ്ട് ലക്ഷം രൂപ നൽകിയതായും പൊലീസ് പറഞ്ഞു.
പ്രഗതിയും അനുരാഗ് യാദവും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചിരുന്നില്ല. മാർച്ച് അഞ്ചിന് ദിലീപുമായി പ്രഗതിയുടെ വിവാഹം നടത്തി. വിവാഹ ശേഷം ബന്ധം തുടരുന്നതിന് ദിലീപ് തടസ്സമായതോടെയാണ് അരുംകൊല നടത്താൻ പ്രഗതിയും അനുരാഗും തീരുമാനിച്ചത്. അങ്ങനെ വാടക കൊലയാളിയെ കണ്ടെത്തി ക്വട്ടേഷൻ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ വാടക കൊലയാളി വെടിവെയ്ക്കുകയായിരുന്നു.
മാർച്ച് പത്തൊൻപതിനായിരുന്നു ഈ സംഭവം നടന്നത്. വെടിയേറ്റ് ചോര വാർന്ന നിലയിൽ ദിലീപിനെ വീടിന് സമീപത്തെ വയലിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ദിലീപിനെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. നില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.
Content Highlight : Married two weeks ago; The newlywed killed her husband along with her lover