'ജഡ്ജിക്ക് തികഞ്ഞ അശ്രദ്ധ'; മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന വിധിക്ക് സ്റ്റേ

വിധിയിലെ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും സുപ്രീംകേടതി ചൂണ്ടികാട്ടി

dot image

ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിധിയെഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

വിധിയിലെ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കിയെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്നും അശ്രദ്ധയുണ്ടായെന്നും സുപ്രീംകോടതി പറഞ്ഞു. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാന്‍ കഴിയില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം.

പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ പ്രതികള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. കീഴ്ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെയാണ് അഞ്ജലി പട്ടേല്‍ എന്നയാള്‍ സ്വകാര്യ റിട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോ, സംസ്ഥാന സര്‍ക്കാരോ ആണ് അപ്പീല്‍ നല്‍കേണ്ടതെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ക്രിമിനല്‍ കേസുകളിലടക്കം അപ്പീലുകള്‍ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകാനുമതി ഹര്‍ജിയായി വേണം സമീപിക്കാനെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Content Highlights: Supreme Court pauses Allahabad High Courts verdict

dot image
To advertise here,contact us
dot image