
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയതിന് പിന്നാലെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡിഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.
യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.
തുടര്‍ന്ന് ഫുള്‍ കോര്‍ട്ട് യോഗം വിളിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെ കൊളിജീയം തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും രാഷ്ട്രപതി അംഗീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.
Content Highlights- SC ask allahabad hc to not assign work for justice ashwant varma