'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം'; ഇമ്രാന്‍ പ്രതാപ്ഗഡി എംപിക്കെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി

ഇന്‍സ്റ്റഗ്രാമില്‍ കവിത പങ്കുവെച്ചതിന് എടുത്ത കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്

dot image

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രീം കോടതി. സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കവിത പങ്കുവച്ചതിന് എടുത്ത കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധിന്യായത്തില്‍ ഗുജറാത്ത് പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉണ്ടായി.

ഭരണഘടനയും അതിന്റെ മൂല്യങ്ങളും പാലിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്യം ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിക്കുന്ന അവകാശമാണ്. അരക്ഷിതരായ മനുഷ്യരുടെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ അവരെ വിലയിരുത്തരുതെന്നുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജഡ്ജിമാര്‍ നിലപാട് സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.

ഭാരതീയ ന്യായ സംഹിത അനുസരിച്ച് മതസ്പര്‍ദ്ദ വളര്‍ത്തുന്ന കുറ്റമാണ് ഗുജറാത്ത് പൊലീസ് ഇമ്രാന്‍ പ്രതാപ് ഗഡിക്കെതിരെ നടത്തിയത്. സമൂഹത്തില്‍ മതവിദ്വേഷം വളര്‍ത്തിയതിന് ഇമ്രാന്‍ പ്രതാപ്ഗഡി ഉത്തരവാദിയാണെന്ന ഗുജറാത്ത് പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം സുപ്രിംകോടതി തള്ളി. ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നേരത്തെ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരെ ഇമ്രാന്‍ പ്രതാപ്ഗഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നടപടി.

Content Highlights :Supreme Court quashes case against Rajya Sabha MP Imran Pratapgarhi

dot image
To advertise here,contact us
dot image