''എമ്പുരാൻ' പൃഥ്വിരാജിൻ്റെ രാഷ്ട്രീയ അജണ്ട, മോഹൻലാൽ ആരാധകരെ വഞ്ചിച്ചു'; ആർഎസ്എസ് മുഖപത്രം ഓർ​ഗനൈസർ

'ചിത്രം ഹിന്ദു സമൂഹത്തെ വില്ലന്മാരായി ചിത്രീകരിക്കുന്നു'

dot image

ന്യൂഡൽഹി: പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ആർഎസ്എസ് മുഖപത്രം ഓർ​ഗനൈസർ. ഹിന്ദു വിരുദ്ധ അജണ്ടയാണ് എമ്പുരാനിലുളളത്. 2002-ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർ​ഗനൈസർ എഴുതുന്നു.

'പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എമ്പുരാൻ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ബോക്സ് ഓഫീസ് ബുക്കിംഗിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. എന്നിരുന്നാലും ആദ്യ ഷോയ്ക്ക് ശേഷം മനസിലാകുന്ന ഒരു കാര്യമുണ്ട്. വിനോദത്തിന് പുറമെ ചിത്രം മുന്നോട്ട് വെക്കുന്നത് ഒരു പഴയ രാഷ്ട്രീയ അജണ്ട കൂടിയാണ്. ഒരു പാൻ-ഇന്ത്യൻ സിനിമ എന്ന നിലയിൽ ചിത്രം വ്യാപകമായി വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോധ്രാനന്തര കലാപത്തിന്റെ സെൻസിറ്റീവ് വിഷയം എമ്പുരാനിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിക്കുന്നതിലൂടെ സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒരു വിഭജനം ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. കൂടാതെ ഹിന്ദു വിരുദ്ധ ആഖ്യാനവും ചിത്രത്തിലൂടെ ലഭിക്കുന്നുണ്ടെന്ന്' ഓർ​ഗനൈസർ കുറിച്ചു.

'2002-ലെ ഗോധ്ര കലാപത്തിനിടെ ഒരു മുസ്ലീം ഗ്രാമം കത്തുന്ന രം​ഗമാണ് ചിത്രത്തിന്റ ആരംഭത്തിൽ കാണിക്കുന്നത്. അത് അസ്വസ്ഥതയുളവാക്കുന്നതാണ്. ഹിന്ദുക്കളായ പുരുഷന്മാർ ഒരു മുസ്ലീം കുട്ടിയെ നിഷ്കരുണം മർദിക്കുന്നതും, ഗർഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്നതും ചിത്രത്തിലുണ്ട്. ഇതിലൂടെ 2002-ലെ കലാപത്തിൽ പ്രധാന ആക്രമണകാരി ഹിന്ദുക്കളാണെന്നാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയം. ഇത് രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിന് കാരണമായേക്കാം. ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാൻ ഉദ്ദേശിച്ച് കൊണ്ട് മാത്രമാണ് ചിത്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും' മുഖപത്രത്തിൽ വിമർശനമുണ്ട്.

'ഹിന്ദു സമൂഹത്തെയും മുഴുവനായി അപകീർത്തിപ്പെടുത്തുകയാണ് ചിത്രം. ഹിന്ദുക്കൾ രക്ഷകരായി ചിത്രീകരിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ പോലും ഹിന്ദുക്കളെ വില്ലന്മാരായാണ് അവതരിപ്പിച്ചിരിക്കുന്നത്. 2002 ലെ ഗോധ്ര ട്രെയിൻ ദുരന്തത്തിലെ കുറ്റവാളികളെ കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം നാം മറക്കരുത്. അതേസമയം കലാപത്തെ ഒരു രാഷ്ട്രീയ അജണ്ടയാക്കിയ കോൺഗ്രസിന്റെ അജണ്ട ഇന്ത്യയിലെ ജനങ്ങൾ പലതവണ നിരാകരിച്ചിട്ടുണ്ട്. എന്നിരുന്നാലും മോഹൻലാലിനെപ്പോലെ ഒരു പരിചയസമ്പന്നനായ നടൻ എന്തുകൊണ്ടാണ് സിനിമയ്ക്കായി ഇത്തരത്തിലുളള കഥ തിരഞ്ഞെടുക്കുന്നത് എന്നുളളത് അത്ഭുതപ്പെടുത്തുന്നതാണെന്നും' മുഖപത്രത്തിൽ പറയുന്നു.

'പൃഥ്വിരാജ് സുകുമാരൻ രാഷ്ട്രീയ ചായ്‌വുകൾക്ക് പേരുകേട്ട വ്യക്തിയാണ്. എമ്പുരാനിൽ അത് സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഹിന്ദുക്കളെ അപമാനിക്കുക മാത്രമല്ല ചെയ്തത്. ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ലക്ഷ്യം വെയ്ക്കുന്നുണ്ട്. ബിജെപിയുമായി സമാന്തരമായി നിൽക്കുന്ന ഹിന്ദു അനുകൂല സംഘത്തെയും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. എമ്പുരാനിലൂടെ സമൂഹത്തിൽ കൂടുതൽ സാമൂഹിക അസ്വസ്ഥതയും വിദ്വേഷവും ജനിപ്പിക്കാൻ സാധ്യതയുണ്ട്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഒരു സമൂഹത്തെ വ്യക്തമായി ലക്ഷ്യം വെച്ചുള്ള സിനിമ അദ്ദേഹം ചെയ്യുന്നത് ഹൃദയഭേദകമാണ്. ചിത്രം തുറന്ന് കാണിക്കുന്നത് ഹിന്ദു വിരുദ്ധയും ഇന്ത്യാ വിരുദ്ധയുമാണെന്നും' ഓർ​ഗനൈസർ കുറിച്ചു.

'2002-ൽ ഗോധ്രയിൽ വെച്ച് കലാപകാരികൾ സബർമതി എക്സ്പ്രസിന്റെ ഒരു കമ്പാർട്ടുമെന്റിന് തീയിട്ടിരുന്നു. അന്നത്തെ ആ അപകടത്തിൽ 59 നിരപരാധികളായ യാത്രക്കാർ, പ്രധാനമായും ഹിന്ദു തീർത്ഥാടകർ കൊല്ലപ്പെട്ടിരുന്നു. ചിത്രത്തിന്റെ രചയിതാവായ മുരളി ​ഗോപി ആ അപകടം അവഗണിച്ചിട്ടുണ്ട്. ഇതിലൂടെ, ചിത്രം മനഃപൂർവ്വം ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിനിമ ഉപയോ​ഗിച്ചതിന് പൃഥ്വിരാജ് സുകുമാരൻ വിമർശിക്കപ്പെടേണ്ടതുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമർശനാത്മകമായി പരിശോധിക്കേണ്ടത് നിർണായകമാണെന്നും' ഓർ​ഗനൈസർ വിമർശിച്ചു.

Content Highlights: Organiser Weekly Against Empuraan and Prithviraj Sukumaran

dot image
To advertise here,contact us
dot image