
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഫിനോയില്‍ കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഫ്‌ളാറ്റിലെ ശുചിമുറിയില്‍ തള്ളിയ രാകേഷ്(36)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ സത്രയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ബെംഗളൂരുവിലെ ഹുളിമാവിലെ ഫ്‌ളാറ്റില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ടാണ് ഗൗരി അനിലിന്റെ(32) മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പുനെ സ്വദേശിയായ രാകേഷിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്ന് സംസാരിച്ചു. ജോലിയെ ചൊല്ലി നേരത്തെ വഴക്കിട്ടിരുന്നുവെന്നും രാകേഷ് പൊലീസിന് മൊഴി നല്‍കി. കുറ്റകൃത്യം നടന്ന ദിവസം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. രാകേഷ് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ഭാര്യ അയാള്‍ക്ക് നേരെ കത്തിയെറിഞ്ഞു. ഗൗരിയുടെ നീക്കത്തില്‍ പ്രകോപിതനായ രാകേഷ് പലതവണ യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്വകാര്യ കമ്പനിയിലെ സീനിയര്‍ പ്രോജക്ട് മാനേജരായ രാകേഷ് വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. രണ്ട് മാസം മുമ്പാണ് ഇരുവരും ബെംഗളൂരുവിലേക്കെത്തിയത്. ബിരുദധാരിയായ ഗൗരി ജോലിക്കായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ജോലി ലഭിക്കാത്തതിനു രാകേഷിനെ കുറ്റപ്പെടുത്തുകയും മഹാരാഷ്ട്രയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ കാരണം ഇതായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ വീട്ടിലെ രക്തക്കറകള്‍ വൃത്തിയാക്കിയതിന് ശേഷം രാകേഷ് സ്വന്തം വാഹനത്തില്‍ മഹാരാഷ്ട്രയിലേക്ക് മടങ്ങിയിരുന്നു. ഫോണ്‍ ട്രാക്ക് ചെയ്താണ് പുനെയില്‍ നിന്ന് രാകേഷിനെ അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റിന്റെ ഉടമയാണ് പൊലീസിനെ കൊലപാതക വിവരം അറിയിച്ചത്.
കൊല്ലപ്പെട്ട ഗൗരി തന്റെ സഹോദരിയുടെ മകളാണെന്ന് രാകേഷിന്റെ അച്ഛന്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബം തയ്യാറായിരുന്നില്ല. ഒരു കാരണവുമില്ലാതെ വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് ഗൗരിയുടേത്. പക്ഷെ എതിര്‍പ്പുകള്‍ പ്രശ്‌നമല്ലെന്നും ഒന്നിച്ചു ജീവിക്കാനാണ് ഇഷ്ടമെന്നും ഇരുവരും പറഞ്ഞു. ഏകദേശം രണ്ടുവര്‍ഷം മുമ്പായിരുന്നു ഗൗരിയുടെയും രാകേഷിന്റെയും വിവാഹം. മകനുമായും മറ്റ് കുടുംബാംഗങ്ങളുമായും നിരന്തരം വഴക്കിടുമായിരുന്നു. ഇതേതുടര്‍ന്ന് പല തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടുണ്ടെന്നും രാകേഷിന്റെ അച്ഛന്‍ രാജേന്ദ്ര പറഞ്ഞു.
Content Highlights: Techie murders wife at their home, stuffs body in suitcase