വിജയിച്ചാല്‍ വിജയ് മുഖ്യമന്ത്രി, ആദ്യ പകുതി ഭരണം ടിവികെയ്ക്ക്; എഐഎഡിഎംകെ സഖ്യ ചര്‍ച്ച നടത്തി, പക്ഷെ

എഐഎഡിഎംകെ അഭ്യുദയകാംക്ഷികളാണ് ചര്‍ച്ചക്ക് മുന്‍കൈയ്യെടുത്തത്.

dot image

ചെന്നൈ: ബിജെപിയോട് ധാരണയിലെത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് എഐഎഡിഎംകെ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുമായി സഖ്യത്തിലെത്താന്‍ ശ്രമം നടത്തി. കഴിഞ്ഞ വര്‍ഷം നടത്തിയ ചര്‍ച്ച ടിവികെ മുന്നോട്ടുവെച്ച നിബന്ധനകളെ എഐഎഡിഎംകെക്ക് അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഖ്യത്തിലെത്താന്‍ കഴിയാതെ വന്നത്. ടിവികെയുമായി നടത്തിയ സഖ്യ ചര്‍ച്ച പൊളിഞ്ഞതിനെ തുടര്‍ന്നാണ് പഴയ സഖ്യകക്ഷിയായ ബിജെപിയെ എഐഎഡിഎംകെയെ സമീപിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടിവികെ സഖ്യത്തെ നയിക്കും, വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും, ഭരണം ലഭിച്ചാല്‍ ആദ്യ പകുതി ടിവികെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം, ആകെയുള്ള 234 സീറ്റുകളില്‍ പകുതി സീറ്റുകള്‍ ടിവികെയ്ക്ക് എന്നീ നിബന്ധനകളാണ് ടിവികെ മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ നിബന്ധനകള്‍ എഐഎഡിഎംകെയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എഐഎഡിഎംകെ അഭ്യുദയകാംക്ഷികളാണ് ചര്‍ച്ചക്ക് മുന്‍കൈയ്യെടുത്തത്.

വിജയ് ക്യാമ്പുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. എഐഎഡിഎംകെയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് ദശകത്തോളം തമിഴ്‌നാട് ഭരിച്ചിട്ടുണ്ട്. ടിവികെയുടെ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തിന് നിരക്കുന്നതേയല്ലെന്ന് ഒരു മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് പറഞ്ഞു.

നേരത്തെ ടിവികെ രൂപീകരിച്ച ഘട്ടത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി സ്വാഗതം ചെയ്തിരുന്നു. എഐഎഡിഎംകെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ് യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഒറ്റക്ക് മത്സരിക്കാനാണ് ടിവികെ തീരുമാനം.

എംജിആറിന്റെയോ ജയലളിതയുടെയോ കാലത്തെ എഐഎഡിഎംകെ അല്ല ഇപ്പോഴത്തെ പാര്‍ട്ടി. ഈ നേതാക്കളുടെ വിയോഗത്തിന് ശേഷം തുടര്‍ച്ചയായി അതിന്റെ വോട്ട് ശതമാനം കുറയുകയാണെന്നും ടിവികെ വൃത്തങ്ങള്‍ പറയുന്നു. അതേ സമയം തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും മാസങ്ങള്‍ അവശേഷിക്കവേ ടിവികെയുമായുള്ള സഖ്യസാധ്യതകള്‍ എഐഎഡിഎംകെ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല.

Content Highlights: AIADMK explored an alliance with Vijay’s TVK for the 2026 assembly election but talks collapsed

dot image
To advertise here,contact us
dot image