
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. രാവിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്ന മോദി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. മോദിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നാണ് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.
ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്ന മോദി മാധവ് നേത്രാലയ പ്രീമിയം സെന്ററിന് തറക്കല്ലിടും. ശേഷം ഹെഡ്‌ഗേവര്‍ സ്മൃതി മന്ദിരവും പിന്നീട് ഭരണഘടന ശില്‍പി ബി ആര്‍ അംബ്ദേകര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും സന്ദര്‍ശിക്കും.
2007-ല്‍ ഗോള്‍വാള്‍ക്കറുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഹെഡ്ഗേവര്‍ സ്മൃതി മന്ദിരം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യമായിരുന്നു ഇത്. 2012-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നു. പിന്നീട് 2013 ലായിരുന്നു എത്തിയത്. അന്ന് മുഖ്യമന്ത്രിയായിരിക്കെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മോദി.
Content Highlights: Narendra Modi at RSS headquarters Today first visit as PM