'പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുന്നു'; വീണ്ടും ഓര്‍ഗനൈസര്‍

നേരത്തെയും ഓര്‍ഗനൈസര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

dot image

ന്യൂഡല്‍ഹി: മോഹന്‍ലാല്‍ ചിത്രം എമ്പുരാനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെയും വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നുമാണ് ആരോപിക്കുന്നത്.

പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഭിന്നതയുടെ വിത്തുകള്‍ പാകുന്നു. ഈ വിത്തുകള്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു. മോഹൻലാലിനെപ്പോലെ ഒരു മെഗാസ്റ്റാർ തിരക്കഥ പൂർണ്ണമായി വായിക്കാതെ സിനിമയിൽ അഭിനയിക്കുക എന്നത് അസംഭവ്യമാണ്. കഥയും തിരക്കഥയും പൂർണ്ണമായി അറിയാതെ സിനിമയിൽ നിർമ്മാതാവ് നിക്ഷേപിക്കാൻ സാധ്യതയില്ലെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.

നേരത്തെയും ഓര്‍ഗനൈസര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഹിന്ദു വിരുദ്ധ അജണ്ടയാണ് എമ്പുരാനിലുളളത്. 2002-ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ എഴുതുന്നു.

'പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ബോക്‌സ് ഓഫീസ് ബുക്കിംഗില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നിരുന്നാലും ആദ്യ ഷോയ്ക്ക് ശേഷം മനസിലാകുന്ന ഒരു കാര്യമുണ്ട്. വിനോദത്തിന് പുറമെ ചിത്രം മുന്നോട്ട് വെക്കുന്നത് ഒരു പഴയ രാഷ്ട്രീയ അജണ്ട കൂടിയാണ്. ഒരു പാന്‍-ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ ചിത്രം വ്യാപകമായി വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോധ്രാനന്തര കലാപത്തിന്റെ സെന്‍സിറ്റീവ് വിഷയം എമ്പുരാനില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിക്കുന്നതിലൂടെ സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒരു വിഭജനം ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. കൂടാതെ ഹിന്ദു വിരുദ്ധ ആഖ്യാനവും ചിത്രത്തിലൂടെ ലഭിക്കുന്നുണ്ടെന്ന്' ഓര്‍ഗനൈസര്‍ കുറിച്ചു.

'2002-ലെ ഗോധ്ര കലാപത്തിനിടെ ഒരു മുസ്ലീം ഗ്രാമം കത്തുന്ന രംഗമാണ് ചിത്രത്തിന്റ ആരംഭത്തില്‍ കാണിക്കുന്നത്. അത് അസ്വസ്ഥതയുളവാക്കുന്നതാണ്. ഹിന്ദുക്കളായ പുരുഷന്മാര്‍ ഒരു മുസ്ലീം കുട്ടിയെ നിഷ്‌കരുണം മര്‍ദിക്കുന്നതും, ഗര്‍ഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്നതും ചിത്രത്തിലുണ്ട്. ഇതിലൂടെ 2002-ലെ കലാപത്തില്‍ പ്രധാന ആക്രമണകാരി ഹിന്ദുക്കളാണെന്നാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയം. ഇത് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിന് കാരണമായേക്കാം. ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച് കൊണ്ട് മാത്രമാണ് ചിത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും' മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.

'ഹിന്ദു സമൂഹത്തെയും മുഴുവനായി അപകീര്‍ത്തിപ്പെടുത്തുകയാണ് ചിത്രം. ഹിന്ദുക്കള്‍ രക്ഷകരായി ചിത്രീകരിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ പോലും ഹിന്ദുക്കളെ വില്ലന്മാരായാണ് അവതരിപ്പിച്ചിരിക്കുന്നത്. 2002 ലെ ഗോധ്ര ട്രെയിന്‍ ദുരന്തത്തിലെ കുറ്റവാളികളെ കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം നാം മറക്കരുത്. അതേസമയം കലാപത്തെ ഒരു രാഷ്ട്രീയ അജണ്ടയാക്കിയ കോണ്‍ഗ്രസിന്റെ അജണ്ട ഇന്ത്യയിലെ ജനങ്ങള്‍ പലതവണ നിരാകരിച്ചിട്ടുണ്ട്. എന്നിരുന്നാലും മോഹന്‍ലാലിനെപ്പോലെ ഒരു പരിചയസമ്പന്നനായ നടന്‍ എന്തുകൊണ്ടാണ് സിനിമയ്ക്കായി ഇത്തരത്തിലുളള കഥ തിരഞ്ഞെടുക്കുന്നത് എന്നുളളത് അത്ഭുതപ്പെടുത്തുന്നതാണെന്നും' മുഖപത്രത്തില്‍ പറയുന്നു.

'പൃഥ്വിരാജ് സുകുമാരന്‍ രാഷ്ട്രീയ ചായ്വുകള്‍ക്ക് പേരുകേട്ട വ്യക്തിയാണ്. എമ്പുരാനില്‍ അത് സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഹിന്ദുക്കളെ അപമാനിക്കുക മാത്രമല്ല ചെയ്തത്. ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ലക്ഷ്യം വെയ്ക്കുന്നുണ്ട്. ബിജെപിയുമായി സമാന്തരമായി നില്‍ക്കുന്ന ഹിന്ദു അനുകൂല സംഘത്തെയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എമ്പുരാനിലൂടെ സമൂഹത്തില്‍ കൂടുതല്‍ സാമൂഹിക അസ്വസ്ഥതയും വിദ്വേഷവും ജനിപ്പിക്കാന്‍ സാധ്യതയുണ്ട്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഒരു സമൂഹത്തെ വ്യക്തമായി ലക്ഷ്യം വെച്ചുള്ള സിനിമ അദ്ദേഹം ചെയ്യുന്നത് ഹൃദയഭേദകമാണ്. ചിത്രം തുറന്ന് കാണിക്കുന്നത് ഹിന്ദു വിരുദ്ധയും ഇന്ത്യാ വിരുദ്ധയുമാണെന്നും' ഓര്‍ഗനൈസര്‍ കുറിച്ചു.

'2002-ല്‍ ഗോധ്രയില്‍ വെച്ച് കലാപകാരികള്‍ സബര്‍മതി എക്‌സ്പ്രസിന്റെ ഒരു കമ്പാര്‍ട്ടുമെന്റിന് തീയിട്ടിരുന്നു. അന്നത്തെ ആ അപകടത്തില്‍ 59 നിരപരാധികളായ യാത്രക്കാര്‍, പ്രധാനമായും ഹിന്ദു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. ചിത്രത്തിന്റെ രചയിതാവായ മുരളി ഗോപി ആ അപകടം അവഗണിച്ചിട്ടുണ്ട്. ഇതിലൂടെ, ചിത്രം മനഃപൂര്‍വ്വം ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിനിമ ഉപയോഗിച്ചതിന് പൃഥ്വിരാജ് സുകുമാരന്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടത് നിര്‍ണായകമാണെന്നും' ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.

Copy Highlights: organiser weekly against empuran movie and pritwiraj sukumaran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us