
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ സര്‍വകലാശാല വിദ്യാര്‍ഥികളെ സൈബരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളുള്‍പ്പെടെ അറുപതോളം വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കര്‍ ഭൂമിയിലെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് ഇവര്‍ പ്രതിഷേധിച്ചത്. മള്‍ട്ടി-ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിനായി തെലങ്കാന സര്‍ക്കാര്‍ ലേലം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലമാണിത്.
സ്ഥലം തെലങ്കാന വ്യവസായ വികസന കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെ സംഭവസ്ഥലത്ത് പൊലീസ് അകമ്പടിയോടെ എട്ട് മണ്ണുമാന്തിയന്ത്രങ്ങളെടുത്തുകയും പ്രദേശം വൃത്തിയാക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതറിഞ്ഞ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് തടയുകയും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ അറുപത് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മാധപുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായാണ് വിവരം. പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനുമുണ്ട്. ക്യാംപസില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിദ്യാര്‍ഥികള്‍ പ്രധാനഗേറ്റിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
Content Highlights: Students, including Malayalis, detained in Hyderabad University during land auction protest