
ബെംഗളൂരു: കര്‍ണാടക ബിജെപിക്ക് തലവേദന സൃഷ്ടിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബസനഗൗഡ പാട്ടീല്‍ യത്‌നാലിന്റെ നീക്കങ്ങള്‍. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന യത്‌നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന സൂചനകള്‍ ഇന്ന് നല്‍കി.
ബിജെപി അതിന്റെ ഹിന്ദു അനുകൂല നിലപാട് കൈയ്യൊഴിഞ്ഞെന്നും സഹകരണ രാഷ്ട്രീയത്തില്‍ മുഴുകിയിരിക്കുകയാണെന്നും യത്‌നാല്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കും മകനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയ്ക്കുമെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചു വന്നിരുന്ന യത്‌നാലിനെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി പുറത്താക്കിയത്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ് യത്‌നാല്‍.
'യെദിയൂരപ്പയെയും മകനെയും അഴിമതി ആരോപണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ ബിജെപി കോണ്‍ഗ്രസുമായി ധാരണയിലെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ കേസുകള്‍ ഗൗരവത്തോടെ പരിഗണിച്ചാല്‍ യെദിയൂരപ്പ ജയിലില്‍ പേവും. ആയിരക്കണക്കിന് കോടികളാണ് അദ്ദേഹം തട്ടിയെടുത്തിരിക്കുന്നത്. ഞാന്‍ കര്‍ണാടകയിലുടനീളം സഞ്ചരിക്കും. സംസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചുള്ള പൊതുജന അഭിപ്രായം സ്വീകരിക്കും.', യത്‌നാല്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയ വീക്ഷണം ഏതെങ്കിലും പ്രത്യേക സമുദായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരിക്കില്ലെന്നും യത്‌നാല്‍ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ തേടിയതിന് ശേഷം ഭാവി കാര്യങ്ങള്‍ ഉടനെ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Basanagouda Patil Yatnal hints at forming a new political outfit