
ചെന്നൈ: വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഐഎം എംപിമാര്‍ പങ്കെടുക്കും. എംപിമാരോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചതായി സിപിഐഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംപിമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല, പകരം പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. ചര്‍ച്ചയില്‍ നിന്ന് മാറി നില്‍ക്കുന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി പോകുന്നില്ല. മറിച്ച് സിപിഐഎം കൃത്യമായ രീതിയില്‍ പാര്‍ലമെന്റിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ സിപിഐഎം എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പ്രകാശ് കാരാട്ട് തള്ളിയത്.
വഖഫ് നിയമഭേദഗതി ബില്‍ നാളെ ഉച്ചയ്ക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലായിരുന്നു തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ജെപിസി പരിഗണിച്ച ഭരണപക്ഷ നിര്‍ദേശങ്ങള്‍ മാത്രം അടങ്ങിയ ബില്ലാണ് നാളെ അവതരിപ്പിക്കുന്നത്. അതേസമയം വിഷയത്തില്‍ രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗം നാളെ നടക്കും.
Content Highlights: CPIM MPs to participate in the discussion on the Waqf Bill