'കശ്മീർ ഫയൽസും കേരള സ്റ്റോറിയും ധീര സിനിമകൾ', എമ്പുരാൻ തീവ്രവാദം ന്യായീകരിക്കുന്ന സിനിമയെന്ന് ഓർഗനൈസർ

'ദുരന്തങ്ങളുടെ രാജാവായി കേന്ദ്ര ആഭ്യന്തരമന്ത്രിയെ ചിത്രികരിക്കുന്നു'

dot image

ന്യൂഡൽഹി: തീവ്രവാദത്തെ ന്യായീകരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്ന വിവാദ പരാമർശവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കുന്ന സിനിമയാണ് എമ്പുരാനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ദുരന്തങ്ങളുടെ രാജാവായി ചിത്രികരിക്കുകയാണ് ചിത്രമെന്നും ഓർഗനൈസർ അരോപിക്കുന്നു.

'സൈയിദ് മസൂദ് എന്ന കഥാപാത്രം ഭീകരൻ മസൂദ് അസറിനെ പ്രതിനിധീകരിക്കുന്നു. ഹിന്ദുക്കളെ കുറ്റവാളിയായും മുസ്ലിങ്ങളെ ഇരകളായും എമ്പുരാനിൽ ചിത്രീകരിച്ചിരിക്കുന്നു. ദേശീയ അന്വേഷണ ഏജൻസികളെ അപകീർത്തിപ്പെടുത്തുകയാണെന്നും' ഓർഗനൈസറിൽ അവകാശപ്പടുന്നുണ്ട്. അതേസമയം, യഥാർത്ഥ സംഭവങ്ങളെ ധീരമായി അവതരിപ്പിച്ച ചിത്രങ്ങളാണ് കശ്മീർ ഫയൽസും കേരള സ്റ്റോറിയും എന്നും ഓർഗനൈസർ ലേഖനത്തില്‍ പറയുന്നു.

എമ്പുരാൻ സിനിമ ഇറങ്ങിയതിന് പിന്നാലെ ഓർഗനൈസർ ചിത്രത്തിനെതിരെ പല തവണ വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഓർഗനൈസർ ആരോപിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും ചേര്‍ന്ന് ക്രിസ്ത്യന്‍ വിശ്വാസത്തെയും മൂല്യങ്ങളെയും തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്ന് ഓര്‍ഗനൈസര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കകള്‍ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിരുന്നത്.

'ദൈവപുത്രന്‍ പാപം ചെയ്യുമ്പോള്‍, ദൈവം ഒരു കറുത്ത ദൂതനെ അയയ്ക്കുന്നു' എന്നാണ് സിനിമയിലെ സംഭാഷണം. ആരാണ് കറുത്ത ദൂതന്‍? അങ്ങനെ ഒരു ആശയം ബൈബിളില്‍ ഉണ്ടോ എന്ന് ഓര്‍ഗനൈസര്‍ ചോദിച്ചു. വിഷയത്തില്‍ ക്രിസ്ത്യന്‍ വിഭാഗം മൗനം പാലിക്കുകയാണ്. ഖുര്‍ആനിലെ ഒരു ഭാഗം ഇതുപോലെ മാറ്റി സിനിമ ചിത്രീകരിക്കാന്‍ കഴിയുമോ എന്നും ഓര്‍ഗനൈസര്‍ ചോദിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ കോലാഹലം കാതടപ്പിക്കുന്നതായിരിക്കും. ലോകമെമ്പാടും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടും. എന്നിരുന്നാലും, ക്രിസ്തുമതത്തിന്റെ കാര്യത്തില്‍, ഭയാനകമായ ഒരു നിശബ്ദത നിലനില്‍ക്കുന്നതായി തോന്നുന്നു. ഇറാഖിലെ ഏക ക്രിസ്ത്യന്‍ നഗരമായ കാരഖോഷിനെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐസിസ് നശിപ്പിച്ച ഇവിടം ക്രൂരമായ കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.

ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. ക്രിസ്തുമതം എളുപ്പത്തില്‍ നേടാവുന്ന ലക്ഷ്യമായി കണക്കാക്കപ്പെടുന്നു. അതിനുകാരണം അതിന്റെ അനുയായികള്‍ നിഷ്‌ക്രിയരായതിനാലാണെന്നും ലേഖനം പറയുന്നു.

പൃഥ്വിരാജിൻ്റേത് ദേശവിരുദ്ധരുടെ ശബ്ദമാണെന്നും സേവ് ലക്ഷദ്വീപ് ക്യാംപയിനിന്റെ പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജെന്നും ആരോപിച്ച് ഓര്‍ഗനൈസര്‍ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ലേഖനങ്ങള്‍ ഇതിന് മുൻപും പ്രസിദ്ധീകരിച്ചിരുന്നു.  പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ഓർ​ഗനൈസർ വിമർശിച്ചിരുന്നു.

Content Highlights- 'Kashmir Files and Kerala Story are brave films', says organizer- Empuran, a film that justifies terrorism

dot image
To advertise here,contact us
dot image