
ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍. എമ്പുരാന്‍ ക്രൈസ്തവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് ജോര്‍ജ് കുര്യന്‍ ആരോപിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കവേയാണ് ജോര്‍ജ് കുര്യന്‍ ആരോപണം ഉന്നയിച്ചത്.
രാജ്യസഭയില്‍ എമ്പുരാനെ പിന്തുണച്ചുകൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസ് സംസാരിച്ചത്. എമ്പുരാനെതിരെ നടന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിനിമയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും രാജ്യദ്രോഹികാളായി ചിത്രീകരിച്ച് സിനിമ റീ സെന്‍സര്‍ ചെയ്യേണ്ടി വന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞു. ഇതിന് മറുപടി നല്‍കവേയാണ് സിനിമ ക്രൈസ്തവ വിരുദ്ധമാണെന്ന ആരോപണം ജോര്‍ജ് കുര്യന്‍ ഉന്നയിച്ചത്. താനൊരു ക്രിസ്ത്യാനിയാണ്. തങ്ങളെ ഈ രീതിയില്‍ അവഹേളിക്കരുത്. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിര്‍ക്കുകയാണ്. കെസിബിസി, സിബിസിഐ പോലുള്ള ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
നേരത്തെ എമ്പുരാനെതിരെ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ജോര്‍ജ് കുര്യന്‍ രംഗത്തുവന്നിരുന്നു. സിനിമ എല്ലാവരും കാണണമെന്നും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷത്തിലൂടെയാണ് മോഹന്‍ലാല്‍ ഉയര്‍ന്നുവന്നത്. അതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ഉയര്‍ന്നുവരുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 27നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.
Content Highlights- Central minister george kurian against movie empuraan