
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍. ഇത് സംബന്ധിച്ച് അനുയായികള്‍ പ്രസ്താവനയിറക്കുകയും ചെയ്തു. നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.നിത്യാനന്ദയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.നിത്യാനന്ദ ജീവിച്ചിരിക്കുന്നതിന് തെളിവായി മാര്‍ച്ച് 30ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികള്‍ പുറത്തുവിട്ടിട്ടുണ്ട്.
നിത്യാനന്ദയുടെ സഹോദരിയുടെ മകനും ഏറ്റവുമടുത്ത അനുയായിയുമായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മരണവാര്‍ത്ത പ്രചരിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്‌തെന്നാണ് സുന്ദരേശ്വരന്‍ അറിയിച്ചത്. നിത്യാനന്ദയുടെ മറ്റ് അനുയായികളെയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സുന്ദരേശ്വരന്‍ മരണവിവരം അറിയിച്ചിരുന്നു.
2010ല്‍ സിനിമാ നടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നത് മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019ല്‍ ഇന്ത്യ വിട്ടിരുന്നു. തങ്ങളുടെ മൂന്നുമക്കളെ നിത്യാനന്ദ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പൊലീസ് അറസ്റ്റിന് നടപടി തുടങ്ങിയതോടെയായിരുന്നു രാജ്യം വിട്ടത്. എക്വഡോറിന് സമീപം ഒരു ദീപില്‍ അനുയായികള്‍ക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം. കൈലാസ എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നും അവകാശപ്പെട്ടു. പിന്നീട് പലതവണ ഓണ്‍ലൈന്‍ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.
Content Highlights- Kailasa issues statement denying Nithyananda’s death