'വഖഫ് ബിൽ മുസ്‌ലിങ്ങളെ പാര്‍ശ്വവൽക്കരിക്കാനുള്ള ആയുധം'; കോൺഗ്രസ് ശക്തമായി എതിർക്കുന്നുവെന്ന് രാഹുൽ ഗാന്ധി

മുസ്‌ലിം വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി

dot image

ന്യൂഡല്‍ഹി: വഖഫ് ബിൽ മുസ്‌ലിങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ആയുധമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുസ്‌ലിം വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനയ്‌ക്കെതിരായി നടത്തുന്ന ആക്രമണം മുസ്‌ലിങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യംവെയ്ക്കുന്നതിനുള്ള ഒരു മാതൃക കൂടി ഇത് സൃഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആശയത്തെയും മതസ്വാതന്ത്ര്യത്തെയും ആക്രമിക്കുന്ന ബില്ലിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം ലോക്‌സഭയില്‍ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടു.

വഖഫ് ബിൽ ഭരണഘടനാ ലംഘനമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. മുസ്‌ലിമിന്റെ നേട്ടത്തിന് വേണ്ടിയാണ് ബില്ലെന്ന വാദത്തെയും ഒവൈസി എതിര്‍ത്തു. വഖഫിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ-ഭരണപക്ഷ വാക്‌പോരുണ്ടായി. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ വഖഫ് ബില്ലിനുള്ള പ്രമേയം അവതരിപ്പിച്ചത്. ജെപിസിയില്‍ വിശാല ചര്‍ച്ച നടന്നുവെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi responds on Waqf Bill

dot image
To advertise here,contact us
dot image