വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ; തയ്യാറാക്കിയത് വിശദമായ ചർച്ചയ്ക്ക് ശേഷമെന്ന് കിരൺ റിജിജു, എതിർപ്പുമായി പ്രതിപക്ഷം

പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച റിജിജു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയിൽ എത്തിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി

dot image

ന്യൂഡൽഹി: വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ജെപിസിയിൽ വിശാല ചർച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങൾ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച റിജിജു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയിൽ എത്തിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. വഖഫ് ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് സഭയിൽ ഇല്ലെന്നായിരുന്നു ആരോപണം.

'മുൻപും വഖഫ് ബിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. യുപിഎ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരങ്ങൾ നൽകി. മുസ്‌ലിങ്ങളെ 70 വര്‍ഷമായി കോണ്‍ഗ്രസ് വഞ്ചിക്കുകയാണ്. ഞങ്ങള്‍ വഖഫ് ഭൂമി പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്കായി ഉപയോഗിക്കും. 22 അംഗ വഖഫ് കൗണ്‍സിലില്‍ നാല് അമുസ്‌ലിങ്ങളും രണ്ട് വനിതകളും വേണമെന്നാണ് ബില്‍ പറയുന്നത്', കിരൺ റിജിജു പറഞ്ഞു.

അതേസമയം, യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ വാദം അമിത് ഷാ തള്ളി.ബില്ല് മന്ത്രിസഭ അംഗീകരിച്ചതാണ്. ജെപിസി ചർച്ച ചെയ്തതാണ്. ചർച്ചകൾക്ക് ശേഷമാണ് ഭേദഗതികൾ കൊണ്ടുവന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ബിൽ അടിച്ചേൽപ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിർപ്പ് അറിയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കെ സി വേണുഗോപാൽ സഭയിൽ ആവശ്യപ്പെട്ടു.

Content Highlights: Waqf Amendment Bill Tabled In Lok Sabha

dot image
To advertise here,contact us
dot image