
ചെന്നൈ: തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നുവെന്ന് കെ അണ്ണാമലൈ. അധ്യക്ഷ പദവിയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്നും പുതിയ അധ്യക്ഷന് ആശംസകള്‍ നേരുന്നതായും അണ്ണാമലൈ പറഞ്ഞു. ബിജെപിയില്‍ തര്‍ക്കമില്ല. ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അണ്ണാഡിഎംകെയുമായി ബിജെപി തിരഞ്ഞെടുപ്പ് ബാന്ധവത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെ അണ്ണാമലൈയുടെ പടിയിറക്കം. അണ്ണാമലൈ പദവിയില്‍ തുടര്‍ന്നാല്‍ സഖ്യം സാധ്യമല്ലെന്ന് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമി ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അണ്ണാഡിഎംകെയുടെ ഉപാധി കേന്ദ്ര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ അണ്ണാമലൈയെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് പദവിയില്‍ തുടരാനില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കിയത്. 2023 ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു അണ്ണാഡിഎംകെ, എന്‍ഡിഎ മുന്നണി വിട്ടത്.
സംസ്ഥാന ബിജെപി അധ്യക്ഷ പദവിയില്‍ നാല് വര്‍ഷമിരുന്ന ശേഷമാണ് മുന്‍ ഐപിഎസ് ഓഫീസറായിരുന്ന അണ്ണാമലൈയുടെ പടിയിറക്കം. തമിഴ്‌നാട്ടിലെ വിവിധ ജനകീയ വിഷയങ്ങളില്‍ അണ്ണാമലൈ ഇടപെട്ടു. ഡിഎംകെ സര്‍ക്കാരിനെതിരെ തീപ്പൊരി നേതാവെന്ന പ്രതിച്ഛായ രൂപപ്പെടുത്തുന്നതിനിടെയാണ് പദവി നഷ്ടമാകുന്നത്. അണ്ണാമലൈക്ക് പകരം തിരുനെല്‍വേലിയില്‍ നിന്നുള്ള നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്. പ്രഖ്യാപനം ഈ മാസം ഒന്‍പതാം തീയതിയുണ്ടാകും.
Content Highlights- K Annamalai to set down as tamilnadu bjp chief