'പാകിസ്താനിൽ നിന്നെത്തി മതം മാറ്റുന്നു'; ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം

ഒരു കാരണവുമില്ലാതെയാണ് മർദിച്ചതെന്ന് വൈദികർ ആരോപിച്ചു

dot image

ഭുവനേശ്വർ: ഒഡീഷയിൽ മലയാളി വൈദികന് പൊലിസിന്റെ ക്രൂര മർദനം. ബെഹാരാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. പാകിസ്താനിൽ നിന്ന് എത്തി മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു മർദനം. ആക്രമണത്തിൽ സഹ വൈദികൻ ഫാ.ദയാനന്ദിന്റെ തോളെല്ല് പൊട്ടി. ഒരു കാരണവുമില്ലാതെയാണ് മർദിച്ചതെന്ന് വൈദികർ ആരോപിച്ചു.

ഒഡീഷയിലെ ജൂബാ ​ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയിൽ നിന്ന് കാശ് വാങ്ങി മതപരിവർത്തനം നടത്തുകയാണെന്നും പറഞ്ഞായിരുന്നു ആക്രമണമെന്ന് ഫാദർ ജോഷി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. നിന്നെയൊക്കെ മര്യാദ പഠിപ്പിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ആക്രോശിച്ച് പൊലീസ് വലിച്ചിഴച്ചെന്നും ഫാദർ ജോഷി പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂബാ ഗ്രാമത്തിൽ കഞ്ചാവ് കൃഷിക്കാനെ പിടികൂടാനെത്തിയ പൊലീസ് ഗ്രാമവാസികൾക്ക് നേരെ വ്യാപക അതിക്രമം അഴിച്ചുവിട്ടതായാണ് പരാതി. ഗ്രാമത്തിലെ നിരവധി പുരുഷന്മാരെ പൊലീസ് പിടിച്ചുകൊണ്ടുപോയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിട്ടയച്ചു. അടുത്ത ദിവസം ഉച്ചയോടെ ​ഗ്രാമത്തിലെ ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിലെത്തിയ പൊലീസ് പള്ളിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീകളെ മർദിച്ചു. അടികൊണ്ട് സ്ത്രീകൾ ഓടുന്നത് കണ്ടെത്തിയ ഫാദർ ജോഷിയും സഹവികാരിയും പൊലീസിൻ്റെ അടുത്തേയ്ക്ക് എത്തുകയും സംഭവത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഫാദർ ജോർജിനെ പൊലീസ് മർദിക്കുകയായിരുന്നു. എന്തിനാണ് തല്ലുന്നതെന്ന് ചോ​ദിച്ചതിൽ പ്രകോപിതരായ പൊലീസ് രണ്ടുപേരേയും റോഡിലൂടെ വലിച്ചിഴച്ചു. അടുത്ത ​ഗ്രാമത്തിലേക്ക് കൊണ്ടുപോയി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഫാദർ ദയാനന്ദ് ബഹ്റാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Content Highlights: Malayali priest brutally beaten by police in Odisha

dot image
To advertise here,contact us
dot image