
ബെംഗ്ലൂരു: ഭാര്യയെ കൊലപ്പെടുത്തി എന്ന വ്യാജ കേസിൽ ശിക്ഷ അനുഭവിച്ച യുവാവിന് ഒടുവിൽ ജയിൽ മോചനം. കുടക് കുശാൽനഗർ സ്വദേശി സുരേഷാണ് ജയിൽ മോചിതനായത്. പൊലീസ് കെട്ടി ചമച്ച കേസിലാണ് യുവാവ് ശിക്ഷ അനുഭവിച്ച് വന്നത്.
കാണാതായ ഭാര്യയെ കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെ കഴിഞ്ഞ ഒന്നര വർഷമായി സുരേഷ് ജയിൽവാസം അനുഭവിച്ച് വരികയായിരുന്നു. 2020 ഡിസംബറിൽ ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് സുരേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഈ സമയം മൈസൂരുവിലെ കാവേരി നദിയിൽ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം പൊലീസിന് ലഭിക്കുകയുണ്ടായി. ഇത് സുരേഷിൻ്റെ കാണാതായ ഭാര്യയായ മല്ലികയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി ചേരുകയായിരുന്നു. ഡിഎൻഎ പരിശോധന ഫലം വരുന്നതിന് മുൻപ് തന്നെ പൊലീസ്, സുരേഷ് ഭാര്യയായ മല്ലികയെ കൊലപ്പെടുത്തിയെന്ന തരത്തിൽ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പിന്നാലെ കോടതിയും കേസിൽ ശിക്ഷ വിധിച്ചു.
ഒന്നര വർഷമായി കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലായിരുന്നു സുരേഷിൻ്റെ സുഹ്യത്ത് മല്ലികയെ മറ്റൊരാൾക്കൊപ്പം ഹോട്ടലിൽ ആഹാരം കഴിക്കുന്ന തരത്തിൽ കാണുന്നത്. പിന്നാലെ രംഗം ഫോണിൽ പകർത്തിയ ശേഷം യുവാവ് കോടതിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഈ സമയത്താണ് താൻ കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് യുവതി വെളിപ്പെടുത്തുന്നത്. സത്യം പുറത്ത് വന്നതോടെ സുരേഷിനെ കോടതി വിട്ടയക്കുകയും വ്യാജ കേസ് ചമച്ച പൊലീസിന് വിമർശിക്കുകയും ചെയ്തു.
Content Highlights- Police release young man after one and a half years in prison for killing his estranged wife