'ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് തിരിയാൻ അധികം സമയം വേണ്ടി വന്നില്ല'; ഓർഗനൈസർ ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണെന്ന് രാഹുല്‍ ഗാന്ധി

dot image

ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


വഖഫ് ബില്ലിലൂടെ ഇപ്പോള്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നുവെന്നും ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യം വെയ്ക്കാന്‍ ഒരു മാതൃക സൃഷ്ടിക്കുമെന്നും രാഹുല്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'വഖഫ് ബില്‍ ഇപ്പോള്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിന് ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു.

ഓര്‍ഗനൈസറിലെ ലേഖനത്തെ കുറിച്ചുള്ള ടെലഗ്രാഫ് വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമ കത്തോലിക്ക സഭയാണെന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. ഏഴ് കോടി ഹെക്ടര്‍ ഭൂമി കത്തോലിക്ക സഭയുടെ കയ്യില്‍ ഉണ്ടെന്നും പള്ളികള്‍, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ അടക്കം 20,000 കോടിയുടെ സ്വത്ത് വരുമെന്നും ലേഖനത്തില്‍ പറയുന്നു.

'ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് ആര്‍ക്കാണ്? കത്തോലിക്ക് ചര്‍ച്ച് വേഴ്‌സസ് വഖഫ് ബോര്‍ഡ് ഡിബേറ്റ്' എന്ന തലക്കെട്ടോട് കൂടിയുള്ള ലേഖനത്തിലാണ് ഓര്‍ഗനൈസര്‍ കത്തോലിക്ക സഭയെ ഉന്നം വെച്ചത്. 'സര്‍ക്കാരിന്റെ ഭൂമി വിവര വെബ്‌സൈറ്റിലെ 2021 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച് വഖഫ് ബോര്‍ഡിന് പല സംസ്ഥാനങ്ങളിലും കാര്യമായ ഭൂമി കൈവശമുണ്ടെങ്കിലും കത്തോലിക്കാ സഭയുടെ കയ്യിലുള്ളതിനെ മറികടക്കില്ല', ലേഖനത്തില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓര്‍ഗനൈസര്‍ ലേഖനം പിന്‍വലിച്ചിരുന്നു.

Content Highlights: Rahul Gandhi say RSS turned to Christians

dot image
To advertise here,contact us
dot image