
നോയിഡ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭർത്താവ്. നോയിഡയിലെ സെക്ടർ 15-ൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. നൂറുള്ള ഹൈദർ(55) എന്നയാളാണ് ഭാര്യ അസ്മാ ഖാനെ(42) കൊലപ്പെടുത്തിയത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു അസ്മ. നോയിഡയിലെ സെക്ടർ 62-ലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ബിഹാർ സ്വദേശിയായ നൂറുള്ള എഞ്ചിനീയറിങ് ബിരുദധാരിയാണെങ്കിലും തൊഴിൽരഹിതനാണ്. 2005-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഒരു മകനും മകളുമാണ് ഇരുവർക്കുമുള്ളത്. മകനാണ് കുറ്റകൃത്യം നടന്നകാര്യം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് വിദ്ഗധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും നൂറുള്ള ഹൈദറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഇന്ന് രാവിലെ ദമ്പതികളുടെ മകളാണ് സംഭവത്തെക്കുറിച്ച് തന്നെ അറിയിച്ചതെന്നും അവർ ദിവസങ്ങളോളം വഴക്കിട്ടിരുന്നുവെന്നും ബന്ധു പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: Suspecting Affair Man Smashes Wife's Head With Hammer In Noida