
ഭോപ്പാല്‍: ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറസ്റ്റിലായി. ജബല്‍പൂര്‍ ജോയ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെയര്‍മാന്‍ അഖിലേഷ് മാബനാണ് കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. വീഡിയോയ്‌ക്കൊപ്പം മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ സ്റ്റാറ്റസിട്ടതിനാണ് അറസ്റ്റ് ചില ഹിന്ദു സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന. അഖിലേഷ് മാബനെ മധ്യപ്രദേശ് പൊലീസിന് കൈമാറി.
കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഇതോടെ ഓംതി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വൈദികര്‍ അടങ്ങുന്ന സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ തന്നെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയിലേക്ക് യാത്ര തിരിച്ചു എന്നാല്‍ വീണ്ടും അക്രമികള്‍ ഇവരെ തടഞ്ഞു. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്‌ലയിലേക്ക് പോയത്.
Content Highlights: Jabalpur Attack: The person who shared whatsapp status was arrested