
മധുര: എമ്പുരാൻ കമ്മ്യൂണിസ്റ്റ് സിനിമയല്ല, ഒരു കൊമേഴ്ഷ്യൽ സിനിമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നിട്ടും ചിലർ അതിലെ ചില സീനുകൾ വെട്ടിമാറ്റണമെന്നാവശ്യപ്പെടുകയാണ്. സംഘപരിവാർ സ്വയം സെൻസർ ബോർഡാവുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ സമാപന വേദിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഒരു വ്യവസായമാണ്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്യുന്നു. അതിൻ്റെ ചിറകുകൾ അരിഞ്ഞാൽ ആ തൊഴിലാളികളെ വേദനപ്പിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുകയാണ്. ചിലയിടങ്ങളിൽ ദളിതുകളും കേരളത്തിൽ കമ്മ്യൂണിസ്റ്റുകളും ആക്രമിക്കപ്പെടുന്നു. നാളെ ഇത് എല്ലാവരുടെ നേരെയും വരുമെന്നോർക്കണം. കേരള തീരത്ത് ഹിന്ദുവും മുസ്ലീമും മത്സ്യത്തൊഴിലാളികളുമെല്ലാം നേരിടുന്നത് ഒരേ പ്രശ്നമാണ്. എന്നാൽ അതിലേക്ക് വെറുപ്പ് പടർത്തി എല്ലാവരെയും ഭിന്നിപ്പിക്കുകയാണ്. എല്ലായിടത്തും സംഘപരിവാർ വെറുപ്പ് പടർത്തുകയാണ്. മണിപ്പൂരടക്കം എല്ലാ വിഷയത്തിലും സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മധുരയില്‍ ആറ് ദിവസം നീണ്ടുനിന്ന സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള അഞ്ച് പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്ന മലയാളിയാണ് എംഎ ബേബി.
Content Highlights: Pinarayi Vijayan says Empuraan is not a communist film