കോണ്‍ഗ്രസില്‍ തലമുറമാറ്റം നടന്നുകൊണ്ടിരിക്കുകയാണ്; എഐസിസി സമ്മേളനത്തിന് മുമ്പ് സച്ചിന്‍ പൈലറ്റ്

'കഠിനാധ്വാനം ചെയ്യുന്നവരും നന്നായി പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാത്തവരെ മറികടന്ന് മുന്‍നിരയിലേക്ക് വരുന്നത് നിങ്ങള്‍ക്ക് കാണാനാവും.'

dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനകത്ത് തലമുറമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്. ഗുജറാത്തില്‍ എഐസിസി സമ്മേളനം നടക്കാനിരിക്കുന്നതിന് മുന്‍പാണ് സച്ചിന്‍ പൈലറ്റിന്റെ ഈ വാക്കുകള്‍. യുവനേതാക്കള്‍ തങ്ങളെ ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചില സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടിട്ടുണ്ടാകാമെങ്കിലും പോരാടാനുള്ള നിശ്ചയദ്ധാര്‍ഡ്യമോ വീര്യമോ നഷ്ടപ്പെട്ടിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഗുജറാത്തില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുന്നതിനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നതിനിടെയാണ് എഐസിസി സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ ഒരു തലമുറമാറ്റം നടക്കുകയാണ്. അത് ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ നടക്കുന്ന ഒന്നല്ലെന്നും ക്രമേണ നടക്കുന്നതാണ്. പിന്നാക്ക വിഭാഗള്‍, യുവജനങ്ങള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ശക്തിപ്പെടുത്തുക എന്നത് പാര്‍ട്ടി ഉത്തരവാദിത്തമായി എടുത്തിരിക്കുന്ന ഒന്നാണ്. നമ്മുടെ ജനസംഖ്യയുടെ വലിയ വിഭാഗമായ ഇവരുടെ മതിയായ പ്രാതിനിധ്യം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

'പാര്‍ട്ടി സംഘടന കാര്യങ്ങളില്‍ ഞങ്ങള്‍ ഉദയ്പൂര്‍ പ്രഖ്യാപനം അംഗീകരിക്കുകയും അത് പാലിക്കുകയും ചെയ്യുന്നു. എല്ലാ പാര്‍ട്ടി നിയമനങ്ങളിലും ആ പ്രഖ്യാപനം മനസ്സില്‍ സൂക്ഷിച്ചാണ് ഇടപെടുന്നത്.', സച്ചിന്‍ പൈലറ്റ് പറഞ്ഞു. തലമുറ മാറ്റം വളരെ സ്വാഭാവികമായി സംഭവിക്കുകയാണ്. പാര്‍ലമെന്റിലും പുറത്തും സംസ്ഥാനങ്ങളിലും എഐസിസി നിയോഗിച്ച പുതിയ നേതാക്കളടക്കം നിരവധി പേര്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. യുവജനങ്ങള്‍ നേതൃപദവികള്‍ ഏറ്റെടുക്കുകയും ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പാര്‍ട്ടി സംഘടന കാര്യത്തില്‍ വിവിധ വിഭാഗങ്ങളിലും പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യു, സേവാദള്‍, മഹിളാ കോണ്‍ഗ്രസ് തുടങ്ങി എല്ലാ കാര്യങ്ങളിലും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും ഇടപെടുന്നുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

'2025 പാര്‍ട്ടി കേഡര്‍മാരെ പുതുക്കിപണിയുന്നതിനും ആവേശഭരിതരാക്കാനുമുള്ള വര്‍ഷമായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. പ്രത്യയശാസ്ത്രപരമായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പോവുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ പോവുകയാണ്. കഠിനാധ്വാനം ചെയ്യുന്നവരും നന്നായി പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാത്തവരെ മറികടന്ന് മുന്‍നിരയിലേക്ക് വരുന്നത് നിങ്ങള്‍ക്ക് കാണാനാവും.', സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Content Highlights: sachin pilot says a generational shift was underway in the party

dot image
To advertise here,contact us
dot image